തൊടുപുഴ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അയ്യപ്പ ഭക്തരെയും ഹൈന്ദവ വിശ്വാസികളെയും സർക്കാർ വെല്ലുവിളിക്കുകയാണെന്ന് ആരോപിച്ച് എൻ.ഡി.എ ചെയർമാൻ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയും കൺവീനർ തുഷാർ വെള്ളാപ്പള്ളിയും ചേർന്ന് നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര 12 ന് വൈകിട്ട് അഞ്ചിന് തൊടുപുഴയിൽ എത്തിച്ചേരും. വാഴക്കുളത്ത് നിന്ന് ആയിരക്കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കാഞ്ഞിരമറ്റം ബൈപ്പാസ് റോഡ് വഴി പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം എത്തിച്ചേരുന്ന രഥയാത്രയ്ക്ക് മാതൃസമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് നടക്കുന്ന പ്രകടനത്തിലും ഗാന്ധിസ്ക്വയറിന് സമീപത്ത് നടക്കുന്ന പൊതുസമ്മേളനത്തിനും സംസ്ഥാന നേതാക്കൾ സംസാരിക്കും. വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനത്തിൽ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും പ്രവർത്തകരും അയ്യപ്പ ഭക്തരും വിവിധ മത സാമുദായിക നേതാക്കളും പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ എൻ.ഡി.എ ജില്ലാ ചെയ‌ർമാൻ ബിനു. ജെ. കൈമൾ, ജില്ലാ കൺവീനർ പി. രാജൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ. കെ.സോമൻ, പി.എ വേലുക്കുട്ടൻ, കെ.എസ്.അജി എന്നിവർ പങ്കെടുത്തു.