ഇടുക്കി: ആധുനികകേരളം സൃഷ്ടിക്കുന്നതിൽ നവോത്ഥന നായകരുടെയും സാമൂഹ്യ പരിഷ്‌കർത്താക്കളുടെയും പങ്ക് നിസ്തുലമാണെന്ന് കവിയും എഴുത്തുകാരനുമായ എഴാച്ചേരി രാമചന്ദ്രൻ പറഞ്ഞു. തൊടുപുഴയിൽ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികത്തോടനുബന്ധിച്ചു സർക്കാർ സംഘടിപ്പിച്ച സാംസ്‌കാരിക സദസിൽ വിഷായവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ തുടങ്ങിയ സാമൂഹ്യ പരിഷ്‌കർത്താക്കൾ ദീർഘ ദർശനത്തോടെ നടത്തിയ സാമൂഹ്യ മുന്നേറ്റങ്ങളിൽ നിന്ന് കേരളത്തിന് പിന്നോട്ട് സഞ്ചരിക്കാനാവില്ല. ആധുനിക കാലത്തെ വെല്ലുവിളികളും പ്രതിസന്ധികളും കേരളസമൂഹം അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോയ്സ്‌ ജോർജ് എം.പി സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ജീവൻ ബാബു അദ്ധ്യക്ഷനായിരുന്നു. സി.കെ. വിദ്യാസാഗർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്‌ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുൽ റഷീദ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.ജി. സത്യൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.പി. സന്തോഷ് എന്നിവർ സംസാരിച്ചു.