രാജാക്കാട്: മുനിയറ ഗവ. ഹൈസ്‌കൂളും പരിസരത്തെ രണ്ട് വീടുകളും ആക്രമിച്ച സംഭവത്തിലെ പ്രതിയായ ആട്ടോറിക്ഷാ തൊഴിലാളി യൂണിയൻ നേതാവിനെ പൊലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം. അക്രമത്തിനിരയായവർ രേഖാമൂലം പരാതി നൽകിയിട്ടും പ്രതിയെ രക്ഷപ്പെടുത്തുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ബി.ഡി.ജെ.എസ് പഞ്ചായത്ത് കമ്മിറ്റി പ്രസി‌ഡന്റ് എൻ.വി അനിൽകുമാർ ആരോപിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഗവ. സ്‌കൂളിന്റെ എട്ട് ജനാലകൾ അക്രമി അടിച്ച് തകർത്തത്. പിന്നീട് ഇടശേരിത്താഴത്ത് അരുൺ, പാറപ്പുറത്ത് സുഭാഷ് എന്നിവരുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. രണ്ടേമുക്കാലോടെ ഓട്ടോറിക്ഷയിൽ എത്തിയ ആക്രമി വീടിന്റെ കതക് ചവിട്ടിത്തുറന്ന് ഉള്ളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സുഭാഷിന്റെ കൈയ്ക്ക് ജാക്കി ലിവർ കൊണ്ട് അടിക്കുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മുനിയറ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയും സി.ഐ.ടി.യു നേതാവാണ് ആക്രമിയെന്ന് തിരിച്ചറിഞ്ഞ വീട്ടുകാർ ബഹളം വച്ചതിനെത്തുടർന്ന് അയൽക്കാർ ഓടിക്കൂടുകയും ഇയാളെ തടഞ്ഞുവയ്ക്കുവാൻ ശ്രമിക്കുകയും ചെയ്തു. ബഹളത്തിനിടയിൽ ഓട്ടോയുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനം വീടിന്റെ മുറ്റത്തുതന്നെ മറിഞ്ഞു. എന്നിട്ടും നാട്ടുകാരെ കബളിപ്പിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ സുഭാഷിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഭാഷും ഭാര്യ ലീലയും പരാതി നൽകിയെങ്കിലും ഫയലിൽ സ്വീകരിക്കാൻ പോലും പൊലീസ് തയ്യാറായില്ല. സുഭാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ലിജുവിനെ കസ്റ്റഡിയിലെടുത്തെങ്കിലും നിസാര വകുപ്പുകൾ ചുമത്തി കേസ് എടുത്ത് അന്നുതന്നെ ജാമ്യത്തിൽ വിട്ടു. മദ്യലഹരിയിൽ അറിയാതെ ചെയ്തതാണെന്നാണ് പൊലീസിന്റെ വിശദീകരണം. വീടുകളും സ്‌കൂളും ആക്രമിച്ച പ്രതിക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും, സാമൂഹിക വിരുദ്ധശല്യം രൂക്ഷമായിരിക്കുന്ന മുനിയറ പ്രദേശത്ത് രാത്രികാല പൊലീസ് പട്രോളിംഗ് ആരംഭിക്കണമെന്നും എൻ.വി അനിൽകുമാർ ആവശ്യപ്പെട്ടു.