തൊടുപുഴ: ജില്ലയിലെ ആയുർവേദ ആശുപത്രികളിലും ഡിസ്‌പെൻസറികളിലുമുള്ള ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ഒഴിവുകൾ നികത്തണമെന്ന ആവശ്യം ശക്തമാകുന്നു. താത്കാലിക ജീവനക്കാരെ നിയമിച്ച് ഒഴിവുകൾ നികത്തിയിരുന്നെങ്കിലും കഴിഞ്ഞ മാസം 25 ന് എല്ലാ താത്കാലിക ജീവനക്കാരെയും പിരിച്ചു വിട്ടു. ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ തയ്യാറാവാതെ ഒരാൾക്ക് രണ്ടും മൂന്നും സ്ഥാപനങ്ങളുടെ അധിക ചുമതല നൽകിയിരിക്കുകയാണ്. ഇത് മുപ്പതോളം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയുമാണ്. 60 കിലോമീറ്ററിലധികം യാത്ര ചെയ്ത് അധിക ചുമതല ചെയ്യുന്ന ജീവനക്കാരും ജില്ലയിലുണ്ട്. ശബരിമല മണ്ഡലകാലത്ത് ജില്ലയിൽ നിന്ന് പതിനഞ്ചോളം ജീവനക്കാർക്ക് ശബരിമലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യേണ്ടി വരുന്നുണ്ട്. മഴക്കെടുതിയ്ക്ക് ശേഷം ആശുപത്രികളിലും ഡിസ്‌പെൻസറികളിലും അനുഭവപ്പെടുന്ന രോഗികളുടെ തിരക്ക് പരിഗണിച്ച് സ്ഥിരം നിയമനത്തിലൂടെയോ തത്കാലിക നിയമനത്തിലൂടെയോ ജീവനക്കാരുടെ കുറവ് അടിയന്തരമായി പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. എം.എസ്. നൗഷാദ്, സെക്രട്ടറി ഡോ: ജിനേഷ് ജെ മേനോൻ എന്നിവർ പറഞ്ഞു.

ജില്ലയിലെ ഒഴിവുകൾ

മെഡിക്കൽ ഓഫീസർ- 6

ഫാർമസിസ്റ്റ്- 10

പാർട് ടൈം ജീവനക്കാർ- 7