രാജാക്കാട്:ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്തും സർവ്വീസ് സഹകരണ ബാങ്കും ചേർന്ന നടപ്പിലാക്കുന്ന കന്നുക്കുട്ടി വിതരണ പദ്ധതിയുടെ ഗുണഭോക്തൃയോഗം നടത്തി. ആറ് മാസത്തിലധികം പ്രായമുള്ള കന്നുക്കുട്ടികളെ വാങ്ങി വളർത്തി പഞ്ചായത്തിനെ പാൽ സ്വയം പര്യാപ്തതയിൽ എത്തിക്കുന്നതിനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. 6000രൂപ പഞ്ചായത്ത് സബ്സിഡിയും,കൂടുതലായി വരുന്ന തുക രാജാക്കാട് സർവ്വീസ് സഹകരണ ബാങ്കിൽ നിന്നുള്ള വായ്പയുമെടുത്ത് ആറ് മാസത്തിൽ കൂടുതൽ പ്രായമുള്ള കന്നുക്കുട്ടികളെ വാങ്ങി മൃഗാശുപത്രിയിൽ ഇൻഷുർ ചെയ്ത് മൂന്ന് വർഷം വരെയെങ്കിലും വളർത്തണമെന്നതാണ് വ്യവസ്ഥ. ഗ്രാമസഭ തിരഞ്ഞെടുത്ത 300 പേർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ലിസ്റ്റിൽ പേരുള്ളവരുടെ അപേക്ഷ തിങ്കളാഴ്ച മുതൽ മൃഗാശുപത്രിയിൽ സ്വീകരിക്കും. കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സതീശൻ സ്വാഗതം ആശംസിച്ചു.വെറ്ററിനറി സർജൻ ഡോ.സിബി സോമു പദ്ധതി വിശദീകരണം നടത്തി.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഇന്ദിര സുരേന്ദ്രൻ, മെമ്പർമാരായ ബെന്നി പാലക്കാട്ട്, കെ.ടി സുജിമോൻ, ഗീതാ പ്രസാദ്, ശോഭന രാമൻകുട്ടി.ടീന രാജൻ, ബിജി സന്തോഷ് എന്നിവർ പങ്കെടുത്തു.