രാജാക്കാട്: കല്ല്, മണൽ,മെറ്റൽ മുതലായവയുടെ ക്ഷാമം കാരണം നിർമ്മാണ ജോലികൾ സമയത്ത് പൂർത്തിയാക്കാനാകാതെ അനന്തമായി നീളുന്നു. ഹൈറേഞ്ചിൽ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, വീടുകൾ തുടങ്ങി എല്ലാത്തരം നിർമ്മാണ പ്രവർത്തനങ്ങളും പ്രതിസന്ധിയിലാണ്. കാലാവധി കഴിഞ്ഞിട്ടും പല റോഡുകളുടെയും പണി പൂർത്തിയാക്കാൻ കരാറുകാർക്ക് സാധിച്ചിട്ടില്ല. മുമ്പ് നിരവധി ക്വാറികളുണ്ടായിരുന്ന ഹൈറേഞ്ച് മേഖലയിൽ ഇന്ന് വിരലിലെണ്ണാവുന്നവ മാത്രമാണ് പ്രവർത്തിക്കുന്നത്. എന്നാൽ അവിടെ പോലും ആവശ്യമായ സാധനങ്ങൾ ലഭ്യമല്ല. ഉത്പാദനം കുറവും ആവശ്യക്കാർ ഏറെയുമായതിനാൽ നിശ്ചിത സമയത്ത് നിർമ്മാണ വസ്തുക്കൾ നൽകാനും കഴിയുന്നില്ല. ഒരു ദിവസം മുഴുവൻ കാത്തുകിടക്കണം ഒരു ലോഡ് കിട്ടാൻ. ഇതാണ് നിർമ്മാണ ജോലികൾക്ക് കാലതാമസം നേരിടുന്നത്. ഉയർന്ന വാഹനവാടക നൽകി അടുത്ത ജില്ലകളിൽ നിന്ന് വസ്തുക്കൾ എത്തിച്ചാൽ എസ്റ്റിമേറ്റ് തുകയ്ക്ക് തീർക്കാനാവില്ല. ജനപ്രതിനിധികൾ ഇടപെട്ട് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ പ്രളയത്തിൽ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനഃനിർമ്മാണവും ലൈഫ് ഭവന പദ്ധതികളും കടുത്ത പ്രതിസന്ധിയിലാകും.
കുഴപ്പത്തിലാക്കിയത് കസ്തൂരിരംഗൻ
കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരമുള്ള കരട് വിജ്ഞാപനം 2013 നവംബർ 14 നാണ് ഇറക്കിയത്. കരട് വിജ്ഞാപനത്തിന്റെ 5 വർഷകാലാവധി 2018 നവംബർ 13 ന് അവസാനിക്കുകയാണ്. എന്നാൽ ചില സംസ്ഥാനങ്ങൾ ഇനിയും അവരുടെ നിലപാട് അറിയിക്കാത്തതിനാൽ അന്തിമ റിപ്പോർട്ട് ഈ വർഷവും ഇറങ്ങാനിടയില്ല. കസ്തൂരിരംഗൻ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ഹൈറേഞ്ചിലെ വില്ലേജുകളിലാകട്ടെ പരിസ്ഥിതി ദുർബല പ്രദേശം എന്ന പേരിൽ പാറ ഖനനത്തിനും മറ്റും നിരോധനം ഏർപ്പെടുത്തിയിരിക്കുകയുമാണ്. ഇതോടെയാണ് നിർമ്മാണ വസ്തുക്കൾക്ക് ക്ഷാമമുണ്ടായത്.
വില ഉയരുന്നു (ഒരു ചതുരശ്ര അടിക്ക്)
എം.സാൻഡ്- 65 രൂപ
ഗ്രാവൽ- 40 രൂപ
പാറപ്പൊടി- 39 രൂപ
മെറ്റൽ- 35 രൂപ
കരിങ്കല്ല്- 23 രൂപ
ക്വാറികൾ ഇല്ലാതാകുന്നു
പത്ത് വർഷത്തെ പാട്ടക്കരാറിലും, ഒരു വർഷത്തെ പെർമിറ്റിലുമാണ് ക്വാറികൾക്ക് ലൈസൻസ് നൽകുന്നത്. ഒറ്റ വർഷ പെർമിറ്റ് കുറെ വർഷങ്ങളായി നൽകുന്നില്ലാത്തതിനാൽ അത്തരം ക്വാറികളുടെ പ്രവർത്തനം നിലച്ചു. 10 വർഷ കാലവധിയുള്ള പാട്ടക്കരാർ ലൈസൻസ് 2013 ന് ശേഷം നൽകിയിട്ടില്ല. അതിന് മുമ്പ് ലഭിച്ച ക്വാറികളിൽ ചിലതു മാത്രമാണ് ഹൈറേഞ്ച് മേഖലയിൽ പ്രവർത്തിക്കുന്നത്. ഇക്കാലയളവിൽ പലതിന്റെയും കാലാവധി തീർന്നതിനാൽ പ്രവർത്തനം നിലച്ചതും പ്രതിസന്ധിയായിട്ടുണ്ട്.