മറയൂർ: ചികിത്സാർത്ഥം പട്ടണത്തിലെത്തിയ രോഗി ആശുപത്രി പരിസരത്ത് സ്ഥിരതാമസമാക്കി. വിശക്കുമ്പോൾ നീട്ടിയൊന്ന് വിളിച്ചാൽ ഓടിയെത്താൻ പരിചാരകരും നല്ലഭക്ഷണവും സ്നേഹ വാത്സല്യങ്ങളുമുള്ളപ്പോൾ എന്തിന് തിരിച്ചുപോകണമെന്നാണ് രോഗിയുടെ ചിന്ത. ഒരുവർഷം മുമ്പ് നാച്ചിവയൽ വനമേഖലയിൽ നിന്നും പരിക്ക് പറ്റിയ നിലയിൽ കണ്ടെത്തിയ മലയണ്ണാനാണ് താരം. പരസ്പരം കടിപിടി കൂടിയതൊ മറ്റ് ജീവികൾ ആക്രമിച്ചതൊ എന്നറിയില്ല. വനപാലകർ കണ്ടെത്തുമ്പോൾ ദേഹമാസകലം പരിക്കേറ്റ് അവശനിലയിലായിരുന്നു. വംശനാശഭീഷണി നേരിടുന്ന അപൂർവ ജന്തുജാലങ്ങളുടെ പട്ടികയിലാണ് 'മലബാർ ജയിന്റ് സ്ക്വറൽ' എന്നറിയപ്പെടുന്ന മലയണ്ണാന്റെ സ്ഥാനം. അതുകൊണ്ടാണ് അവശനായി കണ്ടപ്പോൾ എടുത്ത് മറയൂർ ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ എത്തിച്ചത്. സമീപത്തുള്ള ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ ചികിത്സയും പഴവർഗങ്ങളടങ്ങിയ ഭക്ഷണവുമൊരുക്കി സംരക്ഷിച്ചു. കുറച്ചുനാളത്തെ ചികിത്സകഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്തപ്പോൾ സ്വതന്ത്രമായി തുറന്നു വിട്ടെങ്കിലും കാട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കിയില്ല. ഐ.ബിയുടെ പരിസരത്തെ മരങ്ങളിൽ ചുറ്റിത്തിരിഞ്ഞ് നടന്നു. വിശക്കുമ്പോൾ താഴെയിറങ്ങും. അനുസരണയുള്ള കുട്ടിയെപ്പോലെ ഐ.ബിയുടെ അടുക്കളവാതിലിലെത്തി ശബ്ദമുണ്ടാക്കും. ജീവനക്കാരായ ഗണപതിയും സഹപ്രവർത്തകരും ഒരുവീഴ്ചയും കൂടാതെ പഴങ്ങളടക്കമുള്ള ഇഷ്ടഭക്ഷണം നല്കി സൽക്കരിക്കും. ഈ ദിനചര്യകൾക്കിടെ ഗണപതിയാണ് കാനനസുന്ദരന് തക്കുടു എന്ന് പേരിട്ടത്. മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുന്ന ജീവിയാണ് മലയണ്ണാൻ. തക്കുടുവും ആ പാരമ്പര്യം കാത്തുസൂക്ഷിച്ചു. ഗണപതിയോടും ഐ.ബിയിലെ മറ്റ് ജീവനക്കാരോടും വലിയ അടുപ്പത്തിലായി. അങ്ങനെ തക്കുടു വനം വകുപ്പിന്റെ വിലപ്പെട്ട അതിഥിയായി. മറയൂർ റേഞ്ച് ഓഫീസ് പരിസരത്ത് സ്വതന്ത്രനായി വിഹരിക്കുന്ന തക്കുടു നല്ല ആരോഗ്യവാനാണ്. കറുപ്പും കടുംചുവപ്പും ഇളംമഞ്ഞകലർന്ന വെളുപ്പുമൊക്കെ ചേർന്ന തക്കുടുവിന്റെ മേനിയഴക് ഐ.ബിയിലെത്തുന്നവർക്ക് കാഴ്ചയും കൗതുകവുമാണ്.

പള്ളനാട്, പുളിക്കര വയൽ, മഞ്ഞപ്പെട്ടി, നാച്ചി വയൽ വനമേഖലയിൽ ഒരുകാലത്ത് ധാരാളമായി കണ്ടുവന്നിരുന്ന മലയണ്ണാൻ ഇന്ന് നാമമാത്രമായെന്ന് വനപാലകർ പറയുന്നു. പശ്ചിമഘട്ടത്തിന്റെ വരദാനമായ ഇത്തരം ജന്തുജാലങ്ങളെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത അനുസ്മരിപ്പിക്കുന്നത് കൂടിയാണ് തക്കുടുവിന്റെ മറയൂരിലെ സാമിപ്യം.