ഇടുക്കി: പി.എസ്.സി പരീക്ഷയിൽ ശ്രീനാരായണഗുരുദേവ കൃതികളെക്കുറിച്ച് വസ്തുതാവിരുദ്ധമായ ചോദ്യവും ഉത്തരവും. കഴിഞ്ഞ ശനിയാഴ്ച 'ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ' തസ്തികയിലേക്ക് പി.എസ്.സി നടത്തിയ എഴുത്ത് പരീക്ഷയുടെ 52-ാമത്തെ ചോദ്യത്തിലാണ് പിശക് കടന്നുകൂടിയത്. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ പ്രകീർത്തിച്ച് എഴുതിയ കൃതി ഏത്? എന്നാണ് ചോദ്യം.
ഇതിന്, ദൈവദശകം, നിർവൃതിപഞ്ചകം, ദർശനമാല, നവമഞ്ജരി എന്നീ ഉത്തരങ്ങളാണ് ചോദ്യപേപ്പറിൽ ഓപ്ഷനായി നൽകിയിരിക്കുന്നത്. പിന്നീട് പി.എസ്.സി പുറത്തുവിട്ട ഉത്തര സൂചികയിൽ 'നവമഞ്ജരി' എന്നതാണ് ശരിയുത്തരമെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ നവമഞ്ജരി എന്നത് സുബ്രഹ്മണ്യസ്വാമിയെ സ്തുതിച്ച് ശ്രീനാരായണഗരു രചിച്ച കൃതിയാണ്. ഇതിൽ ചട്ടമ്പസ്വാമിയെ കുറിച്ച് യാതൊരു പരാമർശവുമില്ല. മറ്റ് മൂന്നുകൃതികളും ഈ ഗണത്തിൽപ്പെടുന്നതുമല്ല. അതേസമയം ചട്ടമ്പിസ്വാമിയുടെ സമാധി സമയത്ത് എട്ടുവരി സംസ്കൃത ശ്ലോകം ശ്രീനാരായണഗുരുദേവൻ രചിച്ചിട്ടുണ്ട്. അതിന് 'സമാധിശ്ലോകങ്ങൾ' എന്ന് മാത്രമാണ് പേര് നൽകിയിരിക്കുന്നത്.
'' പബ്ലിക് സർവീസ് കമ്മിഷൻ പോലെ വളരെ ഗൗരവമുള്ള സ്ഥാപനങ്ങൾ നിരുത്തരവാദപരമായതും തെറ്റിദ്ധാരണാജനകമായതുമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്. ശ്രീനാരായണഗുരുവിനെ സംബന്ധിച്ച് ഏതെങ്കിലും കാര്യങ്ങളിൽ സംശയമുണ്ടായാൽ അത് ശിവഗിരി മഠവുമായി ബന്ധപ്പെട്ട് ദൂരീകരിക്കണം. ഗുരുവിന്റെ ജനനം, അരുവിപ്പുറം പ്രതിഷ്ഠാവർഷം, വസ്ത്രം തുടങ്ങി പല കാര്യങ്ങളിലും ഇതിനുമുമ്പും പി.എസ്.സിയുടെ ഭാഗത്തുനിന്ന് തെറ്റായ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ബന്ധപ്പെട്ടവർ കൂടുതൽ ജാഗ്രത പാലിക്കണം ""
- സ്വാമി സാന്ദ്രാനന്ദ
(ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി)
'സമാധിശ്ലോകങ്ങൾ'
സർവജ്ഞ ഋഷിരുത്ക്രാന്തഃ
സദ്ഗുരുഃ ശുകവർത്മനാ
ആഭാതി പരമവ്യോമ്‌നി
പരിപൂർണകലാനിധിഃ.
ലീലയാ കാലമധികം
നീത്വാƒന്തേ സ മഹാപ്രഭുഃ
നിസ്വം വപുഃ സമുത്സൃജ്യ
സ്വം ബ്രഹ്മവപുരാസ്ഥിതഃ.