മറയൂർ: കുത്തേറ്റു മരിച്ച മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ആഘോഷപൂർവമുള്ള സഹോദരിയുടെ വിവാഹം. ആ സ്വപ്നം അവന്റെ പാർട്ടി സാക്ഷാത്കരിച്ചു. അതിന് സാക്ഷിയാകാൻ അഭിമന്യു ഉണ്ടായില്ലെങ്കിലും ആയിരങ്ങൾ ആശംസയുമായെത്തി. ഇന്നലെ രാവിലെ 10.30 നാണ് കീഴ്‌വീട് കരുണൻ- കൃഷ്ണവേണി ദമ്പതികളുടെ മകൻ മധുസൂദനൻ കൗസല്യയുടെ കഴുത്തിൽ താലിചാർത്തിയത്. സി.പി.എം നേതൃത്വത്തിൽ വട്ടവട ഊർക്കാട്ടിലുള്ള കെ.ഇ.എം ഹൈസ്‌കൂൾ ആഡിറ്റോറിയത്തിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്. അഭിമന്യുവിന്റെ മാതാപിതാക്കളായ വട്ടവട കൊട്ടാക്കൊമ്പൂർ സ്വദേശികളായ മനോഹരനും ഭാര്യ ഭൂപതിയും മകളുടെ വിവാഹം ആഗസ്റ്റിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായ അഭിമന്യുവിന്റെ മരണത്തെ തുടർന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. നാടിനെയാകെ നൊമ്പരത്തിലാക്കിയ കൊലപാതകമായിരുന്നു മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിന്റേത്. ജൂലായ് രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജിൽ വച്ച് അഭിമന്യു ദാരുണമായി കൊല്ലപ്പെട്ടത്. മരണശേഷം അഭിമന്യുവിന്റെ സ്വപ്ന സഫലീകരണത്തിനായി പാർട്ടിയും സുഹൃത്തുക്കളും ഒന്നിക്കുകയായിരുന്നു. അഭിമന്യുവിന്റെ കുടുംബത്തിന് പാർട്ടി നിർമ്മിച്ചു നൽകുന്ന വീടിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. അഭിമന്യുവിന്റെ പേരിൽ വട്ടവടയിൽ ആരംഭിക്കുന്ന ലൈബ്രറി കേരളത്തിലെ ഏറ്റവും വലുതാകുമെന്നാണ് കരുതുന്നത്. വിവാഹ ചടങ്ങിൽ മന്ത്രി എം.എം. മണി, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, എസ്. രാജേന്ദ്രൻ എം.എൽ.എ, ജോയസ് ജോർജ് എം.പി തുടങ്ങിയവർ പങ്കെടുത്തു.