കിഫ്ബിയുടെ അനുമതി കിട്ടിയാൽ നിർമ്മാണം ആരംഭിയ്ക്കും
ക്വാർട്ടേഴ്സ് നിർമ്മാണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു
രാജാക്കാട്: നെടുങ്കണ്ടത്ത് കോടതി സമുച്ചയമെന്ന ആശയം യാഥാർത്ഥ്യമാകുമെന്ന സൂചന നൽകി ക്വാർട്ടേഴ്സുകളുടെ നിർമ്മാണത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് കിഫ്ബിയുടെ അംഗീകാരം ലഭിയ്ക്കുന്നതോടെ സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിയ്ക്കും. സിവിൽ സ്റ്റേഷന് പിന്നിലുള്ള 2.5 ഏക്കർ ഭൂമിയിലാണ് കോടതി സമുച്ചയവും ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സുകളും നിർമ്മിയ്ക്കുന്നത്. ഇതിനായി 10 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. ശാന്തമ്പാറ, നെടുങ്കണ്ടം, കമ്പംമെട്ട്, വണ്ടൻമേട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന കേസുകളാണു നെടുങ്കണ്ടം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയുടെ പരിഗണയിൽ വരുന്നത്. ഗ്രാം ന്യായാലയത്തിൽ നെടുങ്കണ്ടം ബ്ളോക്ക് പരിധിയിലെ രാജാക്കാട്, രാജകുമാരി, ഉടുമ്പൻചോല, ചതുരംഗപ്പാറ, കൽക്കൂന്തൽ, പാറത്തോട്, കരുണാപുരം, പാമ്പാടുംപാറ, കാന്തിപ്പാറ തുടങ്ങിയ വില്ലേജുകളും ഉൾപ്പെടുന്നു. ആധുനിക കെട്ടിടങ്ങളോടെ സുസജ്ജമായ കോടതി സമുച്ചയം പ്രവർത്തനക്ഷമമാകുന്നതോടെ കേസുകൾ തീർപ്പാക്കുന്നതിനും ജനങ്ങൾക്ക് നീതി ലഭിക്കുന്നതിനും കൂടുതൽ വേഗത കൈവരും.
കോടതികൾ ഒരു കുടക്കീഴിൽ
വിവിധ കോടതികൾ പ്രവർത്തിയ്ക്കാൻ സാധിയ്ക്കുന്ന തരത്തിലാണ് കോടതി സമുച്ചയം നിർമ്മിയ്ക്കുക. നെടുങ്കണ്ടത്ത് പ്രവർത്തിയ്ക്കുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും, ഗ്രാം ന്യായാലയവും പുതിയ സമുച്ചയത്തിലേയ്ക്ക് മാറ്റും. ഇതോടൊപ്പം മുൻസിഫ് കോടതി, അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതി, ഫാമിലി കോടതി, അഡീഷണൽ സെഷൻസ് കോർട്ട് എന്നിവയും ഈ സമുച്ചയത്തിൽ ആരംഭിയ്ക്കാനാകും.
ക്വാർട്ടേഴ്സ് നിർമ്മാണത്തിന് 10 കോടി
ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് കെട്ടിടങ്ങളുടെ നിർമ്മാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. 10കോടി രൂപയാണ് ആകെ ചെലവ്. ഇതിന്റെ സാങ്കേതിക നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. കെട്ടിടം നിർമ്മിയ്ക്കുന്ന സ്ഥലത്തെ മണ്ണ് പരിശോധനകൾ അടക്കമുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. കെട്ടിടത്തിന്റെ രൂപ രേഖ തയ്യാറാക്കി രണ്ട് മാസത്തിനകം തറക്കല്ലിടുന്നതിനും മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിയ്ക്കുന്നതിനും സാധിയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് നെടുങ്കണ്ടം പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ് സെക്ഷൻ അസി. എൻജിനീയർ വ്യക്തമാക്കി. ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.