അടിമാലി: അടിമാലി ബസ് സ്റ്റാൻഡിന്റെ നവീകരണ ജോലികൾ ആരംഭിച്ചു. മാസങ്ങൾ നീണ്ട ആവശ്യത്തെ തുടർന്നാണ് ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ പഞ്ചായത്തിന്റെ ഇടപെടലുണ്ടായിട്ടുള്ളത്. വലിയ കുഴികളുള്ള ഭാഗത്ത് കോൺക്രീറ്റ് നടത്താനും മറ്റിടങ്ങളിൽ ടാർ ചെയ്യാനുമാണ് പഞ്ചായത്ത് ഭരണസമതിയുടെ തീരുമാനം. നവീകരണത്തിന്റെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് സ്റ്റാൻഡിൽ നിന്ന് കല്ലും മണ്ണും നീക്കി തുടങ്ങി. നൂറ്റമ്പതോളം കെ.എസ്.ആർ.ടി.സി സർവീസുകളും അത്രത്തോളം തന്നെ സ്വകാര്യ ബസ് സർവീസുകളും നടന്നു വരുന്ന അടിമാലി ബസ് സ്റ്റാൻഡിൽ ഇതര വാഹനങ്ങൾ നിയന്ത്രണമില്ലാതെ കയറുന്നത് വലിയ രീതിയിലുള്ള ഗതാഗത പ്രശ്നങ്ങൾക്ക് ഇടവരുത്തുന്നുണ്ട്. ഇതിനാൽ തന്നെ മറ്റ് വാഹനങ്ങൾക്ക് സ്റ്റാൻഡിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സ്റ്റാൻഡിനോട് ചേർന്ന് ഓട്ടോ സ്റ്റാൻഡ് അനുവദിക്കും. ഒരേ സമയം അഞ്ച് ഓട്ടോറിക്ഷകൾക്കായിരിക്കും ഇവിടെ പാർക്കിംഗിന് അനുമതി ലഭിക്കുക. സ്റ്റാൻഡിനോട് ചേർന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും ബോർഡുകളും പഞ്ചായത്ത് മുറിച്ച് നീക്കിയിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കുകയും സ്റ്റാൻഡിലെ കുഴികളടക്കുകയും ചെയ്യുന്നതോടെ ഇത് സംബന്ധിച്ച നിരന്തര പരാതികൾക്ക് പരിഹാരമാകുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ.