kk
ഒടിഞ്ഞ കോൺക്രീറ്റ് സ്ലാബ്

അടിമാലി: ടൗണിലെ പ്രധാനറോഡുകളിൽ ഒന്നായ ലൈബ്രറി റോഡിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് സ്ലാബുകൾ പൊട്ടി തകർന്ന് അപകടാവസ്ഥയിലായി ദിവസങ്ങൾ കഴിഞ്ഞിട്ടും മാറ്റാൻ നടപടിയില്ല. ടൗണിൽ അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ടൊഴിവാക്കാൻ പഞ്ചായത്ത് ഈ സ്ലാബുകൾ ഇളക്കി മാറ്റി പുനഃസ്ഥാപിച്ചിരുന്നു. ഇതിനുശേഷമാണ് സ്ലാബുകൾ ഒടിഞ്ഞ് ഇരുമ്പുകമ്പികൾ പുറത്തുവന്നത്. ഇതോടെ കാൽനട യാത്രയും വാഹനയാത്രയും ഒരു പോലെ ദുഷ്‌കരമായി. എപ്പോഴും തിരക്കേറിയ ലൈബ്രറി റോഡിലെ സ്ലാബുകൾ ഒടിഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കെ.എസ്.ഇ.ബി ഓഫീസിലേക്കും ബിവറേജസ് ഔട്ട്‌ലെറ്റിലേക്കുമായി നിരവധി പേരാണ് ലൈബ്രറി റോഡ് വഴി പോകുന്നത്. കാർമ്മൽഗിരി കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സഞ്ചരിക്കുന്നതും ലൈബ്രറി റോഡിലൂടെ തന്നെ. ഒടിഞ്ഞ് തൂങ്ങിയ സ്ലാബിനു മുകളിലൂടെ വാഹനങ്ങൾ പണിപ്പെട്ടാണ് കടന്നു പോകുന്നത്. യാത്രക്കാർ കടന്നുപോകുമ്പോൾ കാലുകൾ ഒടിഞ്ഞ സ്ലാബുകൾക്കിടയിൽ കുരുങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തിലാണ് പ്രശ്നത്തിൽ അടിയന്തരമായി പഞ്ചായത്ത് ഇടപെടണമെന്ന ആവശ്യവുമായി സമീപവാസികൾ രംഗത്തെത്തിയിരിക്കുന്നത്.