gokul
ഗോകുൽ

അടിമാലി: വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനി അടിമാലി പൊലീസിന്റെ പിടിയിലായി. അടിമാലി പ്ലാമലക്കുടി പീച്ചാട് സ്വദേശി ഉണ്ണിയെന്ന് വിളിക്കുന്ന ആലുങ്കൽ ഗോകുലിനെയാണ് (23) പൊലീസ് അറസ്റ്റ് ചെയ്തത്. ഗോകുൽ ഉൾപ്പെടെ നാലംഗ സംഘമാണ് മേഖലയിൽ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആഗസ്റ്റ് 26ന് കുളങ്ങര ജോസഫിന്റെ വീടിന്റെ പിൻകതക് പൊളിച്ച് മൂന്നു പവൻ സ്വർണവും 9,000 രൂപയും മൊബൈൽ ഫോണും ഇവർ മോഷ്ടിച്ചിരുന്നു. ജോസഫും കുടുംബാംഗങ്ങളും സമീപത്തെ വിവാഹവീട്ടിൽ പോയ സമയത്തായിരുന്നു മോഷണം. ഇതിന് ശേഷം ഇവർ സമീപത്തെ മറ്റൊരു വീട്ടിലും കയറിയിട്ട് ഒന്നും കിട്ടാതെ എ.ടി.എം കാർഡ്, ബിരുദ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയുമായി കടന്നു കളഞ്ഞു. ജോസഫ് അടിമാലി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൃത്യം നടത്തിയത് ഗോകുൽ ഉൾപ്പെടുന്ന നാലംഗ സംഘമാണെന്ന് സൂചന ലഭിച്ചത്. ഏതാനും മാസങ്ങളായി ഇവർക്കു വേണ്ടി അന്വേഷണം നടത്തുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം അടിമാലി ടൗണിൽ നിന്നും എസ്.ഐ ജോൺസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗോകുലിനെ പിടികൂടിയത്. സംഘത്തിലെ മൂന്നു പേരെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.