രാജാക്കാട്: വർഷങ്ങങ്ങളായി തകർന്നുകിടക്കുന്ന രാജാക്കാട്- കല്ലാർകുട്ടി സംസ്ഥാനപാതയിൽ പന്നിയാർകുട്ടി എസ് വളവിനു സമീപത്തെ വൻ കുഴികൾ അടച്ചു തുടങ്ങി. പന്നിയാർകൂട്ടിയ്ക്ക് സമീപത്തെ എസ് വളവ് ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ വൻ കുഴികളും ഉറവച്ചാലും വെള്ളക്കെട്ടും യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നതായി കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. അടിമാലി, പൂപ്പാറ, തമിഴ്നാട്, നെടുങ്കണ്ടം, കുമളി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഭാരവണ്ടികൾ അടക്കം ആയിരക്കണക്കിന് വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോകുന്നത്. 20 മീറ്ററിലധികം നീളത്തിൽ രണ്ടടിയോളം ആഴത്തിൽ വ്യാപിച്ച് കിടക്കുന്ന കുഴികളിൽ ചാടി കല്ലുകളിൽ അടിവശം തട്ടിയാണു മിക്ക വണ്ടികളും സഞ്ചരിച്ചിരുന്നത്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും മറിഞ്ഞു വീഴുന്നതും ഇവിടെ പതിവായിരുന്നു. വെള്ളത്തൂവൽ വിമലസിറ്റി മുതലാണ് ഓട്ടയടച്ച് ടാർ ചെയ്യുന്നത്. ഏറ്റവും അപകടംപിടിച്ച എസ് വളവിനു സമീപം വരെ ടാർ ചെയ്തുകഴിഞ്ഞു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ കല്ലുകൾ പൊട്ടിച്ച് നീക്കിയും ഗർത്തങ്ങളിൽ മക്കിട്ട് നികത്തിയ ശേഷവുമാണ് ടാർ ചെയ്യുന്നത്. വലിയ മലയുടെ ചരുവിലെ പാറക്കെട്ട് പൊട്ടിച്ച് നീക്കിയാണ് ഈ ഭാഗത്ത് റോഡ് നിർമ്മിച്ചിരിയ്ക്കുന്നത്. ഇതുമൂലം കടുത്ത വേനലിൽ ഒഴികെ എല്ലാ കാലത്തും ഇവിടെ നീരുറവയും വെള്ളക്കെട്ടുമുണ്ട്. ഇത് ടാർ ചെയ്താലും ഏതാനും നാളുകൾക്കകം വീണ്ടും കുഴികളാകും. ഈ ഭാഗത്ത് 50 മീറ്റർ ദൂരത്തിൽ ഇന്റർലോക്ക് കട്ടകൾ പതിപ്പിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.