മറയൂർ: മറയൂർ വില്ലേജ് ഓഫീസിൽ സ്ഥിരം ഓഫീസർ ഇല്ലാത്തതിനാൽ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടുന്നു. കഴിഞ്ഞ ഒരു മാസമായി വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിൽ എത്തുന്നവർ മതിയായ സേവനം ലഭിക്കാതെ വലയുകയാണ്. ആദിവാസി പിന്നാക്ക മേഖലയായ മറയൂരിൽ ദിവസവും നൂറ് കണക്കിന് പേരാണ് വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിലെത്തുന്നത്. വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ 15 കിലോമീറ്റർ അകലയുള്ള കീഴാന്തൂർ വില്ലേജ് ഓഫീസർക്കാണ് അധികചുമതല നൽകിയിരിക്കുന്നത്. കീഴാന്തൂരിലെ ജോലി കഴിഞ്ഞ് വൈകിട്ട് മൂന്നിന് ശേഷമാണ് ഓഫീസർ മറയൂർ വില്ലേജിൽ എത്തുക. വിദൂരപ്രദേശങ്ങളിൽ നിന്നും ഉൾവനങ്ങളിലെ ആദിവാസികോളനികളിൽ നിന്നും വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് ഇത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും വില്ലേജ് ഓഫീസറെ കണ്ട് രേഖകൾ കൈപറ്റി സന്ധ്യയ്ക്ക് മുമ്പ് വീടുകളിലേക്ക് മടങ്ങി പോകാൻ കഴിയില്ല. പ്രദേശത്ത് ലൈഫ് ഭവന പദ്ധതി മുഖേന നിരവധി കുടുംബങ്ങൾക്ക് വീടുകൾ അനുവദിച്ചിട്ടുണ്ട്. ഇതിന് വില്ലേജിൽ നിന്ന് കൈവശ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നിരവധി രേഖകൾ ആവശ്യമുണ്ട്. എന്നാൽ ഇതൊന്നും കൃത്യമസയത്ത് ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. സ്ഥിരമായി വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ ഇത്തരത്തിൽ നിരവധി സർക്കാർ ആനുകൂല്യങ്ങൾക്കുള്ള രേഖകൾ ലഭിക്കാതെ ജനം കഷ്ടപ്പെടുകയാണ്.