നെടുങ്കണ്ടം: ബാലഗ്രാമിൽ വെയിറ്റിംഗ് ഷെഡ് മുറിച്ച് മാറ്റിയ സംഭവത്തിൽ പൊലീസിനെതിരെ പഞ്ചായത്ത് ഭരണ സമിതി. ഗൂഡലക്ഷ്യത്തോടെ ചിലർ വെയിറ്റിംഗ് ഷെഡ് പൊളിച്ച് മാറ്റിയതാണെന്നും നെടുങ്കണ്ടം പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്നും പഞ്ചായത്ത് ഭരണസമിതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നിരവധി തവണ അറിയിച്ചിട്ടും ഗതാഗത തടസം സൃഷ്ടിച്ചിരുന്ന കാത്തിരുപ്പുകേന്ദ്രം പഞ്ചായത്ത് പൊളിച്ച് മാറ്റാൻ തയാറാകാത്തതിനാൽ നാട്ടുകാരിൽ ചിലർ ചേർന്ന് പൊളിച്ചു മാറ്റിയതാണെന്ന ന്യായമാണ് മോഷ്ടാക്കളെ സംരക്ഷിക്കാനായി നെടുങ്കണ്ടം എസ്.ഐ പറയുന്നത്. സി.ഐയെ നേരിൽ കണ്ട് പരാതി അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം കുറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്ന് സി.ഐ അറിയിച്ചതായും ഭരണസമിതി അംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ അഞ്ചിന് രാത്രിയിലാണ് ഇരുമ്പ് തൂണുകൾ അറുത്തുമാറ്റി കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റിയത്. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം പൊലീസിൽ പരാതി നൽകി. ഷെഡിന്റെ ഭാഗങ്ങൾ സമീപത്തെ ഒരു കെട്ടിടത്തിന് മുകളിൽ രണ്ടുദിവസം സൂക്ഷിച്ചിരുന്നു. കേസായതോടെ കഴിഞ്ഞ ദിവസം ഇവ പൊതുനിരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിക്കാൻ 50,000 രൂപയുടെ എസ്റ്റിമേറ്റ് എടുത്ത് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിലെ സാമൂഹ്യ വിരുദ്ധർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം ഉടൻ കേസെടുത്ത് നിയമ നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരിഫാ അയൂബ്, വൈസ് പ്രസിഡന്റ് ജോസ് അമ്മൻചേരിൽ, അംഗങ്ങളായ രാധാകൃഷ്ണപിള്ള, ഷാജി മരുതോലിൽ, ഉഷാ സുധാകരൻ, തങ്കമ്മ രാജൻ എന്നിവർ ആവശ്യപ്പെട്ടു.