hh
കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു

നെടുങ്കണ്ടം: ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ ശോചനീയാവസ്ഥയിലായ റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രി എം.എം. മണിയുടെ നെടുങ്കണ്ടത്തെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പടിഞ്ഞാറെ കവലയിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകരെ സ്റ്റേഷൻ പരിസരത്ത് പൊലീസ് തടഞ്ഞു. മന്ത്രിയുടെ ഓഫീസിലേക്ക് പ്രവർത്തകർ കടക്കാൻ ശ്രമിച്ചത് പൊലീസുമായി ഉന്തിലും തള്ളിലും കലാശിച്ചു. നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി റോഡിൽ ധർണ നടത്തി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലത്തിലെ മുഴുവൻ റോഡുകളും തകർന്നതായും റോഡ് വികസനത്തിനായി ഒന്നും ചെയ്യാതെ വലിയ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുക മാത്രമാണ് മന്ത്രിയും എം.പിയും ചെയ്യുന്നതെന്നും നേതാക്കൾ ആരോപിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം ശ്രീമന്ദിരം ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് അജയ് കളത്തുകന്നേൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.ആർ സുകുമാരൻ നായർ, അഡ്വ. എം.എൻ ഗോപി, സി.എസ് യശോധരൻ, എസ് ജ്ഞാനസുന്ദരം എന്നിവർ പ്രസംഗിച്ചു. ആരിഫാ അയൂബ്, ടോമി ജോസഫ്, ജോസ് അമ്മൻചേരിൽ, അഗസ്റ്റിൻ കുറുമണ്ണ്, എം.പി ജോസ്, റോയി ചാത്തനാട്ട്, കുട്ടിയച്ചൻ വേഴപ്പറമ്പിൽ, സാബു പൂവത്തിങ്കൽ, അരുൺ രാജേന്ദ്രൻ, പി.ജെ ജോമോൻ എന്നിവർ നേതൃത്വം നൽകി.