തൊടുപുഴ: ലോകത്തിൽ ഏറ്റവും അധികം വിശ്വാസികളെത്തുന്ന ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന പിണറായി വിജയൻ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളുടെ അവസാന മുഖ്യമന്ത്രി ആയിരിക്കുമെന്ന് എൻ.‌ഡി.എ ചെയർമാൻ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. എൻ.ഡി.എയുടെ ശബരിമലസംരക്ഷണ രഥയാത്രയ്ക്ക് തൊടുപുഴയിൽ നൽകിയ സ്വീകരണത്തിന് നന്ദിപറയുകയായിരുന്നു അദ്ദേഹം. രഥയാത്ര കടന്നുവന്ന വഴികളിലെല്ലാം സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങൾ നൽകിയ സ്വീകരണം സത്യത്തിനുവേണ്ടിയുള്ള വിശ്വാസികളുടെ പോരാട്ടത്തിന് ഊർജം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നിരവധി കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും അനുഭാവികളും എൻ.ഡി.എ യുടെ പോരാട്ടത്തിനൊപ്പം ചേരുകയാണ്. കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് സുശീലഗോപാലന്റെ കുടുംബത്തിൽ നിന്നുപോലും ബി.ജെ.പി യിൽ ചേരാൻ ആളുകൾ മുന്നോട്ടുവന്നുവെന്നതാണ് ഏറ്റവും പുതിയ സംഭവം. ഒന്നാം സ്വാതന്ത്ര്യ സമരത്തിനുശേഷം ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രട്ടീഷ് തന്ത്രമാണ് ശബരിമല വിഷയത്തിൽ പിണറായി വിജയനും അവലംബിക്കുന്നത്. സവർണ - അവർണ വ്യത്യാസം പറഞ്ഞ് ഹിന്ദുക്കളിൽ അനൈക്യമുണ്ടാക്കാനാണ് സി.പി.എമ്മും സർക്കാരും ശ്രമിക്കുന്നത്. അത്തരം കുതന്ത്രങ്ങളെല്ലാം അവഗണിച്ച് രഥയാത്ര കടന്നുവന്ന വഴികളിൽ തടിച്ചുകൂടിയ ജനസഞ്ചയത്തെ കാണാൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ഇരിക്കുന്ന ഭരണാധികാരികൾ കണ്ണുതുറക്കണം. താൻ ഉൾപ്പെടെയുള്ള നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചാലും സത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സർവകക്ഷി യോഗം സ്വാഗതാർഹം: തുഷാർ വെള്ലാപ്പള്ളി

ശബരിമലവിഷയം പരിഹരിക്കാൻ സർവകക്ഷിയോഗം വിളിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി എൻ.ഡി.എ കൺവീനറും ബി.ഡി.ജെ.എസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. രഥയാത്രയിൽ നുരഞ്ഞുപൊന്തുന്നത് ഹൈന്ദവ വികാരമാണ്. ഇവിടെ സവർണാവർണ വ്യത്യാസമില്ല. നായാടിമുതൽ നമ്പൂതിരി വരെ ഒറ്റക്കെട്ടാണ്. ജനങ്ങളുടെ മനസിലേറ്റ വ്രണം ഉണക്കാൻ സർക്കാർ തയ്യാറാകണം. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം അനുകൂലമാണെന്ന വ്യാഖ്യാനം വാസ്തവവിരുദ്ധമാണ്. യോഗം വിശ്വാസികൾക്കൊപ്പമാണെന്ന നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പേരിൽ പ്രത്യക്ഷ സമരത്തിനില്ല എന്നുമാത്രമാണ് ജനറൽ സെക്രട്ടറി പറഞ്ഞിട്ടുള്ളത്. തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രീനാരായണദർശനമെന്ന പേരിൽ വായിൽ തോന്നിയത് വിളിച്ചുപറയുന്ന മന്ത്രി എം.എം. മണി എഴുത്തും വായനയും പഠിച്ച് കാര്യങ്ങൾ സ്വന്തമായി ഗ്രഹിക്കാൻ തയ്യാറാകണമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ബി.ജെ.പി ദേശിയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ ജില്ലാ ചെയർമാൻ ബിനു ജെ. കൈമൾ അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് വാസു, ജി. രാമൻനായർ, ടി.വി. ബാബു, കെ.കെ.നീലകണ്ഠൻ മാസ്റ്റർ, അ‌ഡ്വ. ജയസൂര്യൻ, അഡ്വ. നോബിൾ മാത്യു, അഡ്വ. സിനിൽ മുണ്ടപ്പിള്ളി, അഹമ്മദ് തോട്ടത്തിൽ, ബിജി മുണ്ടുപാലം, എ.എൻ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. എൻ.ഡി.എ ജില്ല കൺവീനർ പി.രാജൻ സ്വാഗതവും ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.എ വേലുക്കുട്ടൻ നന്ദിയും പറഞ്ഞു.