തൊടുപുഴ: എൻ.ഡി.എ ചെയർമാൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയും കൺവീനർ തുഷാർ വെള്ളാപ്പള്ലിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് തൊടുപുഴയിൽ ഭക്തിനിർഭരമായ വരവേൽപ്പ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ആയിരക്കണക്കിന് അയ്യപ്പഭക്തർ ശരണമന്ത്ര ഘോഷങ്ങളുമായാണ് ധർമ്മരക്ഷായാത്രയെ വരവേറ്റത്. ജില്ലാ അതിർത്തിയായ വാഴക്കുളത്തു നിന്ന് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ നഗരത്തിലേക്ക് ആനയിച്ച രഥയാത്രയെ തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാന്റിന് സമീപത്ത് നിന്നും സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങൾ അനുഗമിച്ചു. തുടർന്ന് പഴയ ബസ് സ്റ്റാന്റ് മൈതാനത്ത് നടന്ന സമ്മേളനം ബി.ജെ.പി ദേശിയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ശബരിമല ദർശനം നടത്താൻ പൊലീസിന്റെ മുൻകൂർ അനുമതി വേണമെന്ന സർക്കാർ തീരുമാനം വലിയ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പൊലീസിന്റെ അനുവാദമില്ലാതെ ആയിരക്കണക്കിന് ഭക്തർ മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിനെത്തുമെന്നും അദ്ദേഹം പറഞ്ഞു.