അടിമാലി: മന്ത്രിയുടെ ഉറപ്പ് നടപ്പായില്ല, പ്രളയത്തിൽ തകർന്ന പന്നിയാർ പവർഹൗസിൽ വൈദ്യുതി ഉത്പാദനം പുനരാരംഭിക്കാൻ ഇനിയും കാലതാമസമുണ്ടാകുമെന്ന് സൂചന. കഴിഞ്ഞ ആഗസ്റ്റിൽ പന്നിയാർ പുഴ കരകവിഞ്ഞതിനെ തുടർന്ന് മണ്ണും ചെളിയും ഒഴുകിയെത്തി പവർഹൗസിന്റെ 95 ശതമാനവും വെള്ളത്തിനടിയിലായിരുന്നു. തുടർന്ന് സ്ഥലംസന്ദർശിച്ച മന്ത്രി എം.എം. മണി ഒക്ടോബർ അവസാനം പവർ ഹൗസ് പ്രവർത്തനക്ഷമമാകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ നവംബർ പകുതിയിലെത്തിയിട്ടും വൈദ്യുതി ഉത്പാദനം പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. അറ്റകുറ്റപ്പണികളും ശേഷമുള്ള പരിശോധനയും കഴിഞ്ഞാൽ മാത്രമേ നിലയം എന്ന് പ്രവർത്തനക്ഷമമാകൂവെന്ന് പറയാനാകു. കേടുപാടുകൾ സംഭവിച്ച കൺട്രോൾ പാനലിന്റേതുൾപ്പെടെയുള്ള പുനരുദ്ധാരണ ജോലികൾ പുരോഗമിക്കുകയാണ്. വൈദ്യുതി ഉത്പാദനം ആരംഭിക്കാൻ കാലതാമസം നേരിടുന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ദിവസേന വൈദ്യുതി ബോർഡിനുമുണ്ടാകുന്നുണ്ട്. രണ്ട് ജനറേറ്ററുകളാണ് നിലയത്തിൽ സ്ഥാപിച്ചിട്ടുള്ളത്. പന്നിയാർ പവർഹൗസിലെ ഉത്പാദനശേഷം പുറംതള്ളുന്ന വെള്ളമുപയോഗിച്ച് പ്രവർത്തിക്കുന്ന വെള്ളത്തൂവലിലെ പവർഹൗസിലും വൈദ്യുതി ഉത്പാദനം നിലച്ചിരിക്കുകയാണ്.