മൂന്ന് മാസത്തിനിടെ 90 സ്വകാര്യ ബസുകൾ ഓട്ടം അവസാനിപ്പിച്ചു
അടിമാലി: ഒരു കാലത്ത് ഇടുക്കിയിലെ ജനങ്ങളുടെ ജീവിതം ആരംഭിക്കുന്നതും അവസാനിക്കുന്നതും സ്വകാര്യ ബസുകളിലായിരുന്നു. സ്കൂളിൽ പോകുന്ന കുട്ടികളും ദിവസവും പട്ടണത്തിലേക്ക് പോകുന്ന മുതിർന്നവരും സർക്കാർ ജോലിക്കാരുമെല്ലാം ആശ്രയിച്ചിരുന്നത് ഈ ബസിനെയായിരുന്നു. ഹൈറേഞ്ചിലെ ഗ്രാമീണ മേഖലയിലടക്കം പല പേരുകളിലായി സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ അവരുടെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. എന്നാൽ ഇടക്കാലത്ത് ജില്ലയിലെ പല റോഡുകളും ദേശസാത്കരിച്ചതിലൂടെ കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തുകൾ കൈയടക്കി. പല സ്വകാര്യ ബസ് പെർമിറ്റുകളും റദ്ദാക്കപ്പെട്ടു. എന്നാൽ ഒരു സുപ്രഭാതത്തിൽ നഷ്ടത്തിന്റെ പേര് പറഞ്ഞ് ട്രാൻസ്പോർട്ട് ബസുകളെല്ലാം ഒരോന്നായി സർവീസ് നിറുത്തലാക്കി തുടങ്ങിയതോടെ യാത്രക്കാരുടെ കഷ്ടക്കാലം ആരംഭിച്ചു. ഇതിന് പിന്നാലെ റോഡുകളുടെ ശോചനീയാവസ്ഥയും ഇന്ധന വിലവർദ്ധനയും കാരണം പല സ്വകാര്യ ബസുകളും പെർമിറ്റ് റദ്ദാക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടയിൽ 90 സ്വകാര്യ ബസുകൾ ഓട്ടം അവസാനിപ്പിച്ചതായാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്. ഗ്രാമീണ മേഖലകളിലേക്കടക്കം സർവീസ് നടത്തിയിരുന്ന ബസുകളാണ് നിറുത്തലാക്കിയത്. ഇതോടെ ഉൾപ്രദേശങ്ങളിലുള്ള നൂറുകണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ഒപ്പം നൂറുകണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗവും ഇല്ലാതായി. പ്രളയാനന്തരം ജില്ലയിലെ സ്വകാര്യബസ് മേഖല മുമ്പെങ്ങും ഇല്ലാത്തവിധമുള്ള പ്രതിസന്ധി നേരിടുകയാണെന്ന് ബസുടമകളും തൊഴിലാളികളും പറയുന്നു. പ്രളയത്തെ തുടർന്ന് ഒരുമാസത്തോളം ഇടുക്കിയിൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും അർഹമായ ഒരു സഹായമോ പരിഗണനയോ തങ്ങൾക്ക് ലഭിച്ചില്ലെന്ന് ഇവർ പറയുന്നു. അധിക ഇന്ധന ചെലവും വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും തൊഴിലാളികളുടെ വേതനവും കഴിഞ്ഞാൽ തുച്ഛമായ തുകയാണ് പല ബസുടമകൾക്കും ലഭിക്കുന്നത്. സമാന്തര സർവീസുകളും സ്വകാര്യ ബസ് മേഖലയ്ക്ക് തിരിച്ചടിയായി തീരുന്നുണ്ട്. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനൊപ്പം ഇന്ധന വിലയിലും കുറവുണ്ടായില്ലെങ്കിൽ കൂടുതൽ ബസുകൾ സർവീസ് അവസാനിപ്പിക്കാൻ നിർബന്ധിതരാകുമെന്ന് ബസുടമകളും തൊഴിലാളികളും പറയുന്നു.
ജില്ലയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ- 1000
ജില്ലയ്ക്കുള്ളിലുള്ള ബസുകൾ- 500
പ്രതിസന്ധി
അധിക ഇന്ധന ചെലവ്
റോഡുകളുടെ ശോചനീയാവസ്ഥ
സമാന്ത സർവീസുകൾ