ഇടുക്കി: ദേശീയ മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി മരുന്നും മറ്റ് സാധന സാമഗ്രികളും അടങ്ങിയ കിറ്റുകൾ ആരോഗ്യവകുപ്പ് സൗജന്യമായി രോഗികളുടെ വീട്ടിലെത്തിക്കുന്നതിന് നടപടി തുടങ്ങി. കൈകാലുകളിലും സ്തനങ്ങളിലും ജനനേന്ദ്രിയങ്ങളിലും നീര് വീക്കം വന്ന് ബുദ്ധിമുട്ടുന്ന രോഗികൾക്ക് സഹായം ലഭിക്കും. ജില്ലയിൽ ഒട്ടാകെ അഞ്ചു രോഗികളിൽ മാത്രമാണ് ഇതുവരെ മന്ത് രോഗലക്ഷണം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനുപുറമെ മന്തുരോഗത്തിന്റെ ഭാഗമായും അല്ലാതെയും വൃഷണസഞ്ചി വീക്കം ഉണ്ടായിട്ടുള്ള പുരുഷൻമാർക്കുള്ള ശസ്ത്രക്രിയയും സൗജന്യമായി ചെയ്തു കൊടുക്കും. രോഗം പരസ്യമാക്കാൻ ആഗ്രഹിക്കാത്തവരും ജില്ലയിൽ സ്ഥിരതാമസക്കാരുമായ വ്യക്തികൾ ജില്ലാ മെഡിക്കൽ ഓഫീസിലെ മലേറിയ ഓഫീസറുമായി ഫോണിൽ ബന്ധപ്പെടണം. സ്വകാര്യത ഉറപ്പാക്കിക്കൊണ്ടു തന്നെ ഈ സേവനങ്ങൾ നൽകുന്നതാണ്. ജില്ലയിൽ താമസമാക്കിയിട്ടുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്കും ഈ സേവനം ലഭ്യമാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലാ മലേറിയ ഓഫീസർ: 9447428079.