wood
മുറിച്ചിട്ട മരത്തടികളിൽ ഒന്ന്

അടിമാലി: പ്രളയാനന്തരം അപകട ഭീഷണി ഉയർത്തിയതിനെ തുടർന്ന് മുറിച്ച് മാറ്റിയ ലക്ഷങ്ങൾ വിലമതിക്കുന്ന മരത്തടികൾ പെരുവഴിയിൽ കിടന്ന് നശിക്കുന്നു. അപകട ഭീഷണി ഉയർത്തിയതിനെ തുടർന്ന് വെള്ളത്തൂവൽ സർക്കാർ സ്‌കൂളിന് സമീപത്ത് നിന്നിരുന്ന ആഞ്ഞിലി ഉൾപ്പെടെയുള്ള മരങ്ങളായിരുന്നു മുറിച്ച് മാറ്റിയത്. ലേലം ചെയ്തു വിറ്റാൽ ലക്ഷക്കണക്കിന് രൂപ ലഭിക്കുന്ന മരങ്ങൾ മൂന്ന് മാസങ്ങൾ പിന്നിട്ടിട്ടും അനാഥമായി പാതയോരത്തും പറമ്പുകളിലും കിടക്കുകയാണ്. നവകേരള സൃഷ്ടിക്കായി സാലറി ചലഞ്ചടക്കമുള്ള കാര്യങ്ങളുമായി സർക്കാർ മുമ്പോട്ട് പോകുമ്പോൾ ഒരു ചിലവുമില്ലാതെ സർക്കാരിന് ലഭിക്കേണ്ടുന്ന തുകയാണ് വഴിയരികിൽ ചിതല് തിന്ന് തീരുന്നത്. വെള്ളത്തൂവൽ സർക്കാർ സ്‌കൂളിന് സമീപത്ത് അപകട ഭീഷണി ഉയർത്തിയിരുന്ന ആഞ്ഞിലിയും വെള്ളകിലും മുറിച്ചിട്ടിടത്തു തന്നെ കിടക്കുന്നു. ഏതെങ്കിലും വിധത്തിൽ അവ ഉരുണ്ട് നീങ്ങിയാൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ പതിക്കുകയും വലിയ അപകടത്തിന് വഴിയൊരുക്കുകയും ചെയ്യും. വെള്ളത്തൂവൽ വില്ലേജ് ഓഫീസിനു സമീപം കടപുഴകി വീണ ഭീമൻ ചോരക്കാലിയും മരുതും തോട്ടാപ്പുരയിൽ കടപുഴകിയ വലിയ ആഞ്ഞിലിയും നാഥനില്ലാതെ കിടക്കുകയാണ്. വനം, റവന്യൂ വകുപ്പുകൾ ചേർന്നാണ് ലേല നടപടികൾക്ക് മുൻകൈയെടുക്കേണ്ടത്.