ഇടുക്കി: അടുത്തവർഷം നടക്കാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക ഒരുക്കങ്ങൾ ആരംഭിച്ചു. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഇതിൽ പേര് വിട്ടുപോയവർക്കും പുതുതായി പേര് ചേർക്കേണ്ടവർക്കും 15 വരെ ആക്ഷേപങ്ങളും അവകാശങ്ങളും ഉന്നയിക്കാം. താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിങ്ങളിലും ബി.എൽ.ഒ.മാരുടെ പക്കലും വോട്ടർ പട്ടിക പരിശോധനയ്ക്ക് ലഭ്യമാണ്. അന്തിമ വോട്ടർ പട്ടിക 2019 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. ഇതുവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്ത 18 വയസ് കഴിഞ്ഞവർ, വോട്ടവകാശമുള്ള മറ്റുള്ളവർ എന്നിവരെ ചേർക്കാനുള്ള ശ്രമത്തിലാണ് ജില്ലയിലെയും താലൂക്കുകളിലെയും ഇലക്ഷൻ വിഭാഗം. കോളേജുകൾ, ആദിവാസി മേഖലകൾ എന്നിവിങ്ങളിൽ നിന്ന് പുതിയ വോട്ടർമാരെ കണ്ടെത്താൻ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജോസ് ജോർജിന്റെ നേതൃത്വത്തിൽ ഊർജ്ജിത ശ്രമം നടത്തിവരുന്നു. ദേവികുളം നിയോജക മണ്ഡലത്തിലെ ഇടമലക്കുടിയിൽ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. പുതുതായി വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർക്കുകയും വോട്ടവകാശം സംബന്ധിച്ച് ബോധവത്കരണവും നടത്തി. കോളേജുകളിൽ എൻ.എസ്.എസ്. വോളൺണ്ടിയർമാരുടെയും ഇലക്ടറർ ലിറ്ററസി ക്ലബുകളുടെയും സേവനം ഉപയോഗിച്ചാണ് പേര് ചേർക്കൽ നടത്തുന്നത്. ബൂത്ത് അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാരുടെ വോട്ടവകാശം ഉറപ്പിക്കും. ഇവർക്ക് സഹായകരമാകും വിധത്തിൽ ബൂത്തുകളിൽ റാമ്പ് നിർമ്മിക്കും. തിരഞ്ഞെടുപ്പു ദിവസം ഇവരെ സൗജന്യമായി ബൂത്തിൽ എത്തിക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്റെ പുരോഗതി ജില്ലാ കളക്ടർ ജീവൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.

18 വയസ് തികഞ്ഞവർക്ക് പേര് ചേർക്കാം

2019 ജനുവരി ഒന്നിന് 18 വയസ് തികയുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. പേര് രേഖപ്പെടുത്തിയിട്ടുള്ള ജനന സർട്ടിഫിക്കറ്റ്, സ്‌കൂൾ അഡ്മിഷൻ രജിസ്റ്ററിന്റെ പകർപ്പ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പ്, വിലാസം രേഖപ്പെടുത്തിയ റേഷൻ കാർഡിന്റെ പകർപ്പ്, പാസ്‌പോർട്ടിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ ഉപയോഗിച്ച് നെറ്റ് കണക്ഷനുള്ള ഒരു സ്മാർട്ട് ഫോണിന്റെ സഹായത്തോടെ വളരെ എളുപ്പത്തിൽ ചെയ്യാം. അല്ലെങ്കിൽ അക്ഷയ സെന്റർ വഴി രജിസ്റ്റർ ചെയ്യാം. ഫോറം 6ൽ ആണ് അപേക്ഷ നൽകേണ്ടത്.

ജില്ലയിൽ 995 ബൂത്തുകൾ

പോളിംഗ് സ്റ്റേഷൻ പുനഃക്രമീകരണത്തിന്റെ ഭാഗമായി ജില്ലയിൽ ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ പുതിയതായി 17 പോളിംഗ് ബൂത്തുകൾ രൂപവത്കരിച്ചു. മറ്റ് നിയോജക മണ്ഡലങ്ങളിൽ ബൂത്തുകളുടെ എണ്ണത്തിൽ വർദ്ധന ഇല്ല.