ഇടുക്കി: കന്നുകാലികൾക്കും ഉടമയ്ക്കം ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ഗോസമൃദ്ധി പ്ലസ് പദ്ധതി സംസ്ഥാനത്ത് ഇന്ന് നിലവിൽ വരും. മൃഗസംരക്ഷണ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽവഴി നടപ്പാക്കുന്ന പദ്ധതി എല്ലാ മൃഗാശുപത്രികളിലും ലഭ്യമാണ്. 5 കോടി രൂപയാണ് ഇൻഷുറൻസ് പദ്ധതിക്കുവേണ്ടി സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി അഡ്വ. കെ.രാജു ഇന്ന് ആറ്റിങ്ങലിൽ നിർവഹിക്കും.
സംസ്ഥാനത്ത് ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ പ്രീമിയം എന്നതാണ് ഗോസമൃദ്ധി പ്ലസിന്റെ മുഖ്യ ആകർഷണീയത. ഒരുവർഷം, രണ്ട് വർഷം, മൂന്നുവർഷം കാലാവധിയിൽ പോളിസികൾ ലഭിക്കും. നഷ്ടപരിഹാരതുക സമയബന്ധിതമായി കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുകയും ചെയ്യും. ക്ഷീരകർഷകരെ പൂർണമായും ജിയോമാപ്പിംഗ് നടത്തുന്നു എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
നേരിട്ടുള്ള ആനുകൂല്യം
ജനറൽ വിഭാഗത്തിന് പ്രീമയം തുകയുടെ 50 ശതമാനവും എസ്.സി./ എസ്.ടി. വിഭാഗത്തിന് 70 ശതമാനവും സബ്സിഡി ലഭിക്കും.
പ്രീമിയം നിരക്ക്:
ഒരുവർഷത്തേക്ക് ഉരുവിന്റെ വിലയുടെ 2.8 ശതമാനം, മൂന്ന് വർഷത്തേക്ക് 6.54 ശതമാനം.
ജനറൽ വിഭാഗം: 50000 രൂപ വിലയുള്ള ഉരുവിന് ഒരുവർഷത്തേക്ക് 700 രൂപ, മൂന്ന് വർഷത്തേക്ക് 1365 രൂപ
എസ്.സി/ എസ്.ടി വിഭാഗം: ഒരുവർഷത്തേക്ക് 420 രൂപ, മൂന്ന് വർഷത്തേക്ക് 981 രൂപ.
50000 രൂപയിൽ കൂടുതൽ വിലയുള്ല പശുക്കൾക്ക് അഡീഷണൽ പോളിസി സൗകര്യമുണ്ട്.
കർഷകന് 2ലക്ഷംരൂപയുടെ ഇൻഷുറൻസ്
ഉരുക്കൾക്കൊപ്പം കർഷകന് 2 ലക്ഷംരൂപയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ ഒരുവർഷത്തേക്ക് 42 രൂപയും മൂന്ന് വർഷത്തേക്ക് 114 രൂപയും പ്രീമിയം അടച്ചാൽ മതി.