road
സംസ്ഥാന പാതയിൽ കൽക്കൂന്തൽ ഭാഗത്ത് റോഡ് പകുതിയോളം ഇടിഞ്ഞ നിലയിൽ

രാജാക്കാട്: പൂപ്പാറ- നെടുങ്കണ്ടം- കുമളി സംസ്ഥാന പാതയിൽ ഉടുമ്പൻചോലയ്ക്കും നെടുങ്കണ്ടത്തിനും ഇടയിൽ പ്രളയകാലത്ത് നിരവധിയിടങ്ങളിൽ മീറ്ററുകളോളം റോഡ് ഇടിഞ്ഞത് ഇതുവരെ നന്നാക്കാത്തത് അപകടഭീഷണിയാകുന്നു. ഈ ഭാഗങ്ങളിൽ സുരക്ഷാ മുൻ കരുതലുകൾ പോലുമില്ല. ശബരിമല മണ്ഡലക്കാലവും വിനോദ സഞ്ചാര സീസണും അടുത്തിരിക്കെ അടിയന്തരമായി ഈ ഭാഗങ്ങൾ പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്. കൽക്കൂന്തലിന് സമീപം അപകടങ്ങൾ പതിവായ കൊടും വളവിൽ മീറ്ററുകളോളം താഴ്ചയുള്ള വലിയ കൊക്കയലേയ്ക്കാണ് റോഡ് ഇടിഞ്ഞ് പോയിരിക്കുന്നത്. പാറത്തോട് ടൗണിലും മൈലാടുംപാറയ്ക്കും ഉടുമ്പൻചോലയ്ക്കും ഇടയിലും നിരവധിയിടങ്ങളിൽ റോഡിന്റെ പാതിവരെ ഇടിഞ്ഞിട്ടുണ്ട്. ഈ ഭാഗങ്ങളിലെല്ലാം മാസങ്ങളായി വൺവേ ഗതാഗതം മാത്രമാണുള്ളത്. നാട്ടുകാർ റിബൺ വലിച്ചുകെട്ടിയും ചാക്കുകൾ നിരത്തിയും മരക്കമ്പുകൾ എടുത്തുവച്ചതുമടക്കമുള്ള താത്കാലിക അപകട സൂചനകളാണ് ഇവിടെയുള്ളത്. കൊടും വളവുകളും കയറ്റിറക്കങ്ങളും നിറഞ്ഞ പാത സ്വതവേതന്നെ അപകടം പിടിച്ചതാണ്. സന്ധ്യ മുതൽ പുലരുവോളം കോടമഞ്ഞ് ഇറങ്ങുന്നതിനാൽ മുന്നോട്ടുള്ള കാഴ്ച മറയുന്നത് രാത്രികാല യാത്ര തീർത്തും ദുഷ്‌കരമാക്കുന്നു. ഇടിഞ്ഞ ഭാഗത്തിന് തൊട്ടടുത്ത് എത്തുമ്പോൾ മാത്രമാണ് ഡ്രൈവർമാർ അപകടം തിരിച്ചറിയുന്നത്. ശബരിമല സീസണിൽ തമിഴ്‌നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്ന് മൂന്നാർ, പൂപ്പാറ വഴി എത്തുന്ന അയ്യപ്പഭക്തരുടെയും ജില്ലയുടെ വടക്ക് കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെയും ആയിരക്കണക്കിനു വാഹനങ്ങൾ കടന്നു പോകുന്നത് ഇതുവഴിയാണ്. ടൂറിസം സീസൺ കൂടി സജീവമാകുന്നതോടെ ഗതാഗതം പതിന്മടങ്ങ് വർദ്ധിക്കും. വഴി പരിചയമില്ലാത്ത ഡ്രൈവർമാരായതിനാൽ അപായ സാദ്ധ്യതയേറെയാണ്. ഇടിഞ്ഞിരിക്കുന്ന ഭാഗങ്ങളിൽ കരിങ്കല്ലുകൊണ്ട് താത്കാലിക സംരക്ഷണ ഭിത്തി ഒരുക്കാനും, റിഫ്ളക്ടറുകളും സൂചനാ ബോർഡുകളും സ്ഥാപിയ്ക്കാനും അടിയന്തര നടപടി സ്വീകരിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.