ഒക്ടോബർ 31ന് ശേഷം തദ്ദേശസ്ഥാപനങ്ങൾ പിന്നോട്ട് പോയി

തൊടുപുഴ: ഹൈക്കോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും പലയിടങ്ങളിലും പരസ്യബോർഡുകൾ നിറഞ്ഞ് നിൽക്കുകയാണ്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലാണ് പരസ്യബോർഡുകൾ കൂടുതലായി കാണുന്നത്. നിരത്തുകളിൽ നിന്ന് പരസ്യബോർഡുകൾ, കൊടി, തോരണങ്ങൾ, ഫ്ലെക്സ് ബോർഡുകൾ തുടങ്ങിയവ പൂർണ്ണമായും കഴിഞ്ഞ 31ന് മുമ്പ് നീക്കം ചെയ്യണമെന്ന് ഹൈക്കോടതി തദ്ദേശസ്വയംഭരണ വകുപ്പിന് കർശന നിർദ്ദേശം നൽകിയിരുന്നു. വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിയും ചുമതലയുള്ള ജീവനക്കാരനും പിഴയടക്കണമെന്ന് കോടതി നിർദ്ദേശിച്ചപ്പോൾ ഉദ്യോഗസ്ഥരെല്ലാം നിരത്തിലിറങ്ങിയിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കി സർക്കാരിന് റിപ്പോർട്ടും നൽകി. എന്നാൽ ചിലയിടങ്ങളിൽ നിരത്തുകളിലെ നിന്ന് പരസ്യബോർഡുകളും കൊടികളും തോരണങ്ങളും ഫ്ലെക്സുകളും പൂർണ്ണമായും നീക്കിയിട്ടില്ല. സംസ്ഥാന പാതയുൾപ്പെടുന്ന തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിലുമുള്ള ഗ്രാമീണ പാതകളിലും പരസ്യബോർഡുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ 31ന് ഹൈക്കോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ തങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞെന്ന മനോഭാവത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ. പരസ്യബോർഡുകൾ പൂർണമായും നീക്കം ചെയ്യാൻ ഒക്ടോബർ 15, 23, 27, 31 എന്നിങ്ങനെ തീയതികൾ പുതുക്കി നൽകിയിരുന്നു. ഈ തീയതികളിൽ രാത്രി ഏറെ വൈകിയും തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരസ്യബോർഡുകൾ നീക്കം ചെയ്യൽ നടന്നിരുന്നെങ്കിലും പൂർണമായും നീക്കം ചെയ്യാൻ കഴിഞ്ഞില്ല. തുടർ ദിവസങ്ങളിലും നിരത്തുകളിൽ നിന്ന് ബോർഡുകൾ നീക്കം ചെയ്യുമെന്ന് പല തദ്ദേശ സ്ഥാപന സെക്രട്ടറിമാരും അറിയിച്ചിരുന്നെങ്കിലും പിന്നീട് ഒന്നും നടന്നില്ല.

പുതിയ ബോർഡുകൾ ഉയരുന്നു

നഗര - ഗ്രാമ വ്യത്യാസം ഇല്ലാതെ ചില സ്ഥലങ്ങളിൽ രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടെ ഫ്ലെക്സുകളും കൊടികളും തോരണങ്ങളും പുതിയതായി ഉയരുന്നുണ്ട്. ചിലത് തദ്ദേശസ്ഥാപനങ്ങളിൽ ഫീസടച്ചും മറ്റുള്ളവ നിയമവിരുദ്ധമായുമാണ് സ്ഥാപിച്ചിരിക്കുന്നത്.