രാജാക്കാട്: കേരളത്തിൽ ആദ്യമായി നടന്ന സംസ്ഥാന സ്‌കൂൾ ടീം ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ എതിരാളികളെ ഇടിച്ചിട്ട് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ നിഖിത എം. ബേബി മലയോര ജില്ലയുടെ അഭിമാനമായി.
രാജാക്കാട് കള്ളിമാലി മുകളേൽ പരേതനായ ബേബിയുടെയും സിനിയുടെയും മകളും കൊല്ലം വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയുമായ നിഖിത തിരുവനന്തപുരം ആറ്റിങ്ങലിൽ നടന്ന മൽസരങ്ങളിൽ 52കിലോഗ്രാം വിഭാഗത്തിലാണ് സുവർണ നേട്ടം കൈവരിച്ചത്. ഇതോടെ 26 മുതൽ അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന ദേശീയ സ്‌കൂൾ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അർഹതയും നേടി. കേരള സ്‌പോർട്‌സ് കൗൺസിലിന്റെ കൊല്ലം കേന്ദ്രീകൃത സ്‌പോർട്‌സ് ഹോസ്റ്റലിൽ പ്രവേശനം നേടി പരിശീലനം നടത്തുന്ന ഈ പതിനേഴുകാരി കൊല്ലം ജില്ലയെയാണ് പ്രതിനിധീകരിക്കുന്നത്. പാലക്കാടിനെയാണ് ഫൈനലിൽ ഏറ്റുമുട്ടി പരാജയപ്പെടുത്തിയത്. ഇതേ ഹോസ്റ്റലിൽ നിന്ന് സംസ്ഥാനതലത്തിൽ മൽസരിച്ച ആറ് പേരും ദേശീയ തല മൽസരത്തിലേയ്ക്ക് യോഗ്യത നേടി. കോച്ച് സി.വി ബിജിലാലിന്റെ കീഴിൽ നാല് വർഷമായി പരിശീലനം നടത്തുന്ന നിഖിത എം ബേബിയിലെ കഴിവ് തിരിച്ചറിഞ്ഞത് മുമ്പ് പഠിച്ചിരുന്ന എൻ.ആർ.സിറ്റി എസ്.എൻ.വി.ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകരാണ്.