കുമളി: മുല്ലപ്പെരിയാർ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി കേരളത്തിലേക്ക് എത്തിയ തമിഴ്നാട് കർഷകസംഘം നേതാക്കളെ ലോവർക്യാമ്പിൽ പൊലീസ് തടഞ്ഞു. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ നിന്നുള്ള കർഷകരാണ് മുല്ലപ്പെരിയാറിലേക്ക് പോകാൻ എത്തിയത്. തേനി ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാത്തതിനാൽ ഇവരെ ലോവർ ക്യാമ്പിൽ തമിഴ്നാട് പൊലീസ് തടയുകയായിരുന്നു.

അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുക, ബേബി ഡാമിന്റെ അറ്റകുറ്റപണികൾ ചെയുന്നതിന് അനുമതി നൽകുക, ആന വച്ചാൽ മൈതാനം കേരള വനംവകുപ്പ് വാഹന പാർക്കിംഗിനായി ഉപയോഗിക്കുന്നത് തടസപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പെരിയാർ - വൈഗ കർഷക സംഘം ചെയർമാൻ എസ്.ആർ. തേവർ, അൻവർ ബാലശിങ്കം തുടങ്ങിയവരുടെ നേതൃത്വത്തിൽ കർഷകർ എത്തിയത്. പൊലീസ് തടഞ്ഞതിനെ തുടർന്ന് ലോവർ ക്യാമ്പിലെ കേണൽ ജോൺ പെന്നി കുക്കിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി മടങ്ങുകയായിരുന്നു.