wasr-water
തലയാർ തേയില തോട്ടത്തിൽ നിന്നും പാമ്പാറിലേക്ക് കക്കൂസ് മാലിന്യങ്ങൾ ഒഴുക്കുന്ന കൈത്തോട്

മറയൂർ: കാന്തല്ലൂർ,​ മറയൂർ പഞ്ചായത്തുകളിലെ ഇരുപതിനായിരത്തിലധികം ജനങ്ങളുടെ കുടിവെള്ളം മലിനമാക്കി തേയില തോട്ടം തൊഴിലാളികളുടെ ലയങ്ങളിലെ കക്കൂസ് മാലിന്യം പാമ്പാറിലേക്ക് ഒഴുക്കുന്നു. കക്കൂസ് ടാങ്കിന് സമീപത്തുനിന്ന് കൈത്തോട്ടിലൂടെ പരസ്യമായിട്ടാണ് മാലിന്യമൊഴുക്കുന്നത്. മൂന്നാർ പഞ്ചായത്തിലെ തലയാർ കമ്പനിയുടെ തേയില തോട്ടം തൊഴിലാളികളുടെ ലയങ്ങളുടെ കക്കൂസ് ടാങ്കുകളിൽ നിന്നുമാണ് മാലിന്യം നദിയിൽ എത്തുന്നത്. വേനൽക്കാലത്തും മഴയത്തും മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ പ്രധാന കുടിവെള്ള സ്രോതസാണ് പാമ്പാർ. പതിറ്റാണ്ടുകൾ പഴക്കമുള്ള ലയങ്ങളുടെ പോലും അറ്റകുറ്റപണികൾ ചെയ്യാതെ കക്കൂസ് ടാങ്കുകളെല്ലാം പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. പ്ലാന്റേഷൻ ഇൻസ്‌പെക്ടർ തലയാർ സന്ദർശിച്ചപ്പോൾ തൊഴിലാളികൾ ഇത് സംബന്ധിച്ച് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. പലകകൊണ്ട് മറച്ച സുരക്ഷിതമല്ലാത്ത ലയങ്ങളിലാണ് തൊഴിലാളികൾ താമസിക്കുന്നത്. പാമ്പാറ്റിൽ കക്കൂസ് മാലിന്യം കലരുന്നതോടുകൂടി മറയൂർ മേഖല പകർച്ചവ്യാധികളുടെ പിടിയിലമരുകയാണ്. നദിയിലേക്ക് പരസ്യമായി മലിനജലം ഒഴുക്കിവിട്ടിട്ടും അതിനെതിരെ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പും തയ്യാറാകുന്നില്ല. കുടിവെള്ളത്തിൽ മാലിന്യം കലരുന്നത് അറിഞ്ഞിട്ടും മറയൂർ, കാന്തല്ലൂർ പഞ്ചായത്ത് അധികൃതരും ഒരു നടപടിയും സ്വീകരിക്കുന്നില്ല. ശുദ്ധീകരിക്കാതെ ഈ വെള്ളം പൈപ്പിലൂടെ ജനങ്ങൾക്ക് നേരിട്ട് നൽകുകയാണ് ചെയ്യുന്നത്.