കുമളി: പഞ്ചായത്തിന്റെ മാലിന്യസംസ്കരണ സംവിധാനം പാടെ തകർന്നതോടെ പ്രധാന റോഡരികുകൾ മാലിന്യ കൂമ്പാരങ്ങൾ കൊണ്ട് നിറയുന്നു. അട്ടപ്പള്ളം, കുമളി- ഒന്നാം മൈൽ തുടങ്ങിയ പ്രധാന റോഡരുകുകളിലാണ് മാലിന്യം കുമിഞ്ഞ് കൂടുന്നത്. ഇത്കാരണം കാൽ നട പോലും ദുഷ്ക്കരമായി. മാലിന്യങ്ങളിൽ തീറ്റതേടി നായകൾ കൂട്ടത്തോടെ എത്തുന്നതും വഴിയാത്രക്കാരിൽ ഭീതി ഉളവാക്കുന്നു. മുമ്പ് കുമളി പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്ന് ദിവസേന മാലിന്യങ്ങൾ ശേഖരിച്ച് മുരുക്കടിയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന സംരക്ഷണഭിത്തി തകർന്നു. ഇതോടെ ജൈവ മാലിന്യം മാത്രം ശേഖരിക്കുയെന്ന നിലപാട് പഞ്ചായത്ത് സ്വീകരിച്ചു. ദിവസേന ഏഴും എട്ടും മാലിന്യലോഡുകൾ ശേഖരിച്ചിരുന്നത് രണ്ടും മൂന്നും ലോഡുകളായി കുറഞ്ഞു. ഇതോടെ പൊതുസ്ഥലങ്ങൾ മാലിന്യങ്ങളാൽ നിറഞ്ഞു. മാസങ്ങൾ കഴിഞ്ഞിട്ടും മറ്റൊരു മാലിന്യസംസ്കരണ സംവിധാനം ഒരുക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. എത്രയും വേഗം ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.