ഇടുക്കി: വൈവിദ്ധ്യമാർന്ന പരിപാടികളോടെ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ശിശുദിനം ആഘോഷിച്ചു. വൈവിദ്ധ്യവും ശ്രദ്ധേയവുമായ പരിപാടികൾ ഒരുക്കുന്നതിൽ വിദ്യാലയങ്ങൾ പരസ്പരം മത്സരിക്കുന്ന പ്രതീതിയിലാണ് ഇത്തവണ ശിശുദിനം ആഘോഷിച്ചത്.
കുമാരമംഗലം: അദ്ധ്യാപകരും അനദ്ധ്യാപകരും വേഷപ്രച്ഛന്നരായും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂളിലെ ശിശുദിനാഘോഷം ഏറെ ശ്രദ്ധേയമാക്കി. കുരുന്നുമനസിലെ സൂപ്പർ ഹീറോകളായ ശക്തിമാനും സ്പൈഡർമാനും ബാറ്റ്മാനും ബാഹുബലിയുമൊക്കെയായി അദ്ധ്യാപകരും കോമിക് കഥാപാത്രങ്ങളായി കുട്ടികളും വേഷം മാറിയതോടെ സ്കൂളിൽ ആഘോഷംപൊടിപൂരമായി. കൂട്ടത്തിൽ അദ്ധ്യാപകരും അനദ്ധ്യാപകരും അവതരിപ്പിച്ച നൃത്തവും ലഘുനാടകവും കൂടിയായപ്പോൾ കുട്ടികൾക്ക് ഇരട്ടിമധുരമായി. ഉച്ചക്ക് ശേഷം മൈതാനത്ത് പട്ടം പറത്തൽ ആഘോഷവും നടന്നു. സ്കൂളിലെ ഇന്നവേഷൻ ക്ലബ് പ്രവർത്തകനും ഇംഗ്ലീഷ് അദ്ധ്യാപകനുമായ സേതുവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾതന്നെയാണ് പട്ടം നിർമ്മിച്ചത്. പ്രിൻസിപ്പൽ സരിത ഗൗതം കൃഷ്ണ, മാനേജിംഗ് ഡയറക്ടർ ആർ.കെ. ദാസ്, ഡയറക്ടർ സുധ ദാസ് എന്നിവർ ശിശുദിനാശംകൾ നേർന്നു.
തൊടുപുഴ: വിമല കിന്റർഗാർട്ടനിലെ കുട്ടികൾ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നവകേരളത്തിന് ആശംസകൾ നേർന്ന് കേരള മാതൃകയിൽ അണിനിരന്നു.
കുടയത്തൂർ: ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഗവ. എൽ.പി സ്‌ക്കൂളിൽ പൊതുജനങ്ങൾക്കായി ബോധവത്കരണ പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ ഉദ്ഘാടനം ചെയ്തു. സിനിമാതാരം ബേബി മഞ്ചാടി വിശിഷ്ടാതിഥിയായി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ലിസി തോമസ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീജിത്ത് സി.എസ്, വൈസ് പ്രസിഡന്റ് സാബു അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ, മാതാപിതാക്കൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സോഷ്യൽ വർക്കർ നൈസി ജോബി ബാലനീതിനിയമത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി.
വണ്ടമറ്റം: കോടിക്കുളം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷവും ശ്രദ്ധ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനവും മികച്ച അദ്ധ്യാപകരെ ആദരിക്കലും നടത്തി. പഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളിലെയും വിദ്യാർത്ഥികൾ പങ്കെടുത്ത റാലി, പൊതുസമ്മേളനം എന്നിവയും ഇതോടനുബന്ധിച്ച് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷേർലി ആന്റണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസ് മാഞ്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായ ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലൂസി ജയിംസ് നിർവഹിച്ചു. മികച്ച അദ്ധ്യാപികയ്ക്കുള്ള എൻ.സി.ഇ. ആർ.ടി അവാർഡ് നേടിയ കെ.എസ്. റംലയെ ചടങ്ങിൽ ആദരിച്ചു.
നെടുങ്കണ്ടം: ജവാഹർലാൽ നെഹ്രുവിന്റെ ജീവിതവും സന്ദേശവുമെല്ലാം കുട്ടികൾക്ക് മനസിലാക്കാൻ അവസരം ലഭിക്കും വിധം പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിൽ ശിശുദിനാഘോഷം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ചിത്രരചനാമത്സരങ്ങൾ, റാലി, പ്രസംഗം, ദേശഭക്തിഗാനം എന്നിവ നടത്തി. സ്‌കൂളിലെ ഭൂരിപക്ഷം കുട്ടികളും ചാച്ചാജിയുടെ വേഷത്തിലാണ് പരിപാടികളിൽ അണിനിരന്നത്. ജില്ലാ- ഉപജില്ലാതല മത്സരങ്ങളിൽ വിജയികളായ കുട്ടികളെ ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് സുനിൽ പാണംപറമ്പിൽ ശിശുദിന റാലിയും സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി അംഗം രഘുനാഥൻ ആഘോഷപരിപാടികളും ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡന്റ് ഡെയ്‌സി ആന്റോ ശിശുദിന സന്ദേശം നൽകി. സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ. ബിജു സ്വാഗതവും പി.ടി.എ സെക്രട്ടറി കെ.വി സതീഷ് നന്ദിയും പറഞ്ഞു.
ഇളംദേശം: ഇളംദേശം സെന്റ് ജോസഫ് എൽ.പി സ്കൂൾ മുറിയാത്തോട് അംഗൻവാടിയും മുറിയാത്തോട് തണൽ പുരുഷ സ്വാശ്രയ സംഘവും സംയുക്തമായി ശിശുദിനാഘോഷം നടത്തി. തണൽ കിഡ്സ് ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനവും നടന്നു. വെള്ലിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരൻ ശിശുദിനാഘോഷവും സ്കൂൾ ഹെഡ്മിസ്ട്രസ് എ.സി. മേരിക്കുഞ്ഞ് കിഡ്സ് ലൈബ്രറിയും ഉദ്ഘാടനം ചെയ്തു. തണൽ എസ്.എച്ച്.ജി പ്രസിഡന്റ് ഷോജി അറിഞ്ഞുപുഴ അദ്ധ്യക്ഷത വഹിച്ചു. കലയന്താനി സെന്റ് മേരീസ് ചർച്ച് അസി. വികാരി ഫാ. അലക്സ് താന്നിക്കുന്നേൽ, വാർഡ് മെമ്പർ അഞ്ജു വിജീഷ് അസി. എക്സൈസ് ഇൻസ്പെക്ടർ വി.വി. തോമസ്, ജെ.എച്ച്.ഐ ഹരിലാൽ എന്നിവർ പ്രസംഗിച്ചു. തണൽ സെക്രട്ടറി വി.എസ്. അനിൽ സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി സൗമ്യ എസ്. നെടുങ്ങാട് നന്ദിയും പറഞ്ഞു.