divakaran
ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ദിവാകരൻ

ചെറുതോണി:പ്രളയത്തെ തുടർന്ന് എല്ലാ ബാങ്ക് വായ്പകൾക്കും സർക്കാർ മൊറോട്ടോറിയം പ്രഖ്യാപിച്ചിരിക്കെ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ച കർഷകൻ ആത്മഹത്യ ചെയ്തു. കീരിത്തോട് പുന്നയാർ പെട്ടിക്കാപ്പിള്ളി ദിവാകരനെയാണ് (72) വീടിനടുത്തുള്ള കൊക്കോമരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിൽ നിന്ന് ദിവാകരന്റെയും ഭാര്യ ഓമനയുടെയും പേരിൽ എൺപതിനായിരം രൂപ കാർഷിക വായ്പയെടുത്തിരുന്നു. മുതലും പലിശയും ചേർത്ത് ഒന്നര ലക്ഷം രൂപയോളം അടയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം അവസാനം ബാങ്ക് നോട്ടീസ് അയച്ചു. തിങ്കളാഴ്ച ദിവാകരനോട് ബാങ്കിലെത്താനും പലിശയിളവ് നൽകാമെന്നും ബാങ്ക് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ബാങ്കിൽ പോകാതെ അന്ന് രാവിലെ ദിവാകരൻ പുരയിടത്തിലേക്ക് പോയി. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ച നാട്ടുകാരും ബന്ധുക്കളും ദിവാകരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രോഗങ്ങൾ അലട്ടിയിരുന്ന ദിവാകരൻ പണിയെടുക്കാനാവാത്ത സ്ഥിതിയിലായിരുന്നു. മൂന്നു പെൺമക്കളാണ് ഇവർക്ക്. മൂന്നുപേരെയും വിവാഹം കഴിച്ചയച്ചതോടെ ദിവാകരനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ. പുരയിടത്തിലെ കൊക്കോയുടെ വരുമാനത്തിലാണ് ജീവിച്ചിരുന്നത്. കാലവർഷത്തിൽ കൊക്കോ നശിച്ചതോടെ വരുമാനവും നിലച്ചു. രോഗവും കലശലായി. ബാങ്ക് നോട്ടീസ് ലഭിച്ചതോടെ ദിവാകരൻ വിഷാദത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു. കഞ്ഞിക്കുഴി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. സംസ്‌കാരം നടത്തി.