തൊടുപുഴ: കഞ്ഞിക്കുഴി സർവീസ് സഹകരണബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കീരിത്തോട്, പുന്നയാർ, പെട്ടിക്കാപ്പള്ളി ദിവാകരന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. പ്രളയദുരിതത്തെ തുടർന്ന് കടങ്ങൾക്ക് മോറട്ടോറിയവും ജപ്തി നടപടികൾ നിറുത്തിവയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ സി.പി.എം ഭരിക്കുന്ന സഹകരണബാങ്ക് നോട്ടീസ് അയച്ചത് നീതീകരിക്കാനാവില്ല. കാലവർഷക്കെടുതിയെ തുടർന്ന് കൊക്കോ കൃഷി നശിച്ചതിനെ തുടർന്നാണ് ബാങ്ക് വായ്പ അടയ്ക്കാൻ ദിവാകരന് കഴിയാതെ വന്നത്. രോഗിയായ ദിവാകരന് നോട്ടീസ് അയച്ചത് ഉദ്യോഗസ്ഥരുടെ കൃത്യവിലോപമാണ്. പ്രളയദുരിതത്തിൽ കൃഷിനാശം സംഭവിച്ചവർക്ക് ഒരു സഹായവും കൃഷിഭവനിലൂടെ നൽകാത്ത സംസ്ഥാന സർക്കാരാണിത്. ഇനിയും സഹകരണ ബാങ്കുകൾ വഴിയോ, ദേശസാത്കൃത ബാങ്കുകൾ വഴിയോ നോട്ടീസ് അയച്ചാൽ ആ സ്ഥാപനങ്ങൾക്കു മുമ്പിൽ സമരം നടത്തുമെന്നും ഡി.സി.സി പ്രസിഡന്റ് അറിയിച്ചു. പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഇന്ന് ജില്ലയിൽ കരിദിനം ആചരിക്കും.