തൊടുപുഴ: വെള്ളിയാമറ്റത്തെ നാളിയാനി- കോഴിപ്പിള്ളി- കുളമാവ് റോഡ് നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് നാളിയാനിയിൽ മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. അഡ്വ. ജോയ്സ് ജോർജ്ജ് എം.പി. അദ്ധ്യക്ഷത വഹിക്കും. പ്രധാൻമന്ത്രി ഗ്രാം സടക് യോജനയിൽ (പി.എം.ജി.എസ്.വൈ) ഉൾപ്പെടുത്തി എട്ട് കോടി രൂപ ചെലവിലാണ് റോഡ് നിർമ്മിക്കുന്നത്. നാളിയാനിയിൽ നിന്ന് ആരംഭിച്ച് കുളമാവ് നവോദയ വിദ്യാലയത്തിന്റെ സമീപത്തുകൂടി കുളമാവിലേയ്ക്ക് പ്രവേശിക്കുന്നതാണ് റോഡ്. ഏഴര കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ നിർമ്മാണം മാർച്ച് 31 നുള്ളിൽ പൂർത്തിയാവും. പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരൻ സ്വാഗത പ്രസംഗം നടത്തും. പി.ജെ. ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സാഖി പദ്ധതിയുടെ ചെയർമാൻ ജില്ലാ കളക്ടർ കെ. ജീവൻ ബാബു മുഖ്യാതിഥിയായിരിക്കും. കെ.എസ്.ആർ.ടി.സി ഡയറക്ടർ സി.വി. വർഗീസ്, പഞ്ചായത്ത് വകുപ്പ് അഡീഷണൽ ഡയറക്ടർ എം.പി. അജിത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റ്യൻ, വൈസ് പ്രസിഡന്റ് എം. മോനിച്ചൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. മോഹനൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി. സുനിത, സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എൽ. ജോസഫ് എന്നിവർ പങ്കെടുക്കും.