ചെറുതോണി: പ്രളയത്തിൽ തകർന്ന ചെറുതോണി- ആലിൻചുവട് റോഡിന്റെ പുനഃനിർമ്മാണം തൊഴിൽ തർക്കത്തെ തുടർന്ന് വീണ്ടും തടസപ്പെട്ടു. 25 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് തടസപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് 15നാണ് അണക്കെട്ട് തുറന്നുവിട്ടതിനെ തുടർന്ന് റോഡ് ഒലിച്ചുപോയത്. ഒന്നരമാസത്തോളം ഇതുവഴി ബസ് സർവീസ് ഇല്ലായിരുന്നു. തുടർന്ന് ഭാഗികമായി മണ്ണ് മാറ്റി വൺവേ വഴി ബസുകൾ കടത്തിവിടാൻ തുടങ്ങിയിരുന്നു. തുടർന്ന് ചെറുതോണി പുഴയുടെ സൈഡ് കോൺക്രീറ്റ് ചെയ്യാൻ സർക്കാർ ഫണ്ടനുവദിക്കുകയായിരുന്നു. 15 ദിവസത്തിനകം നിർമാണം പൂർത്തിയാക്കാനായിരുന്നു നിർദ്ദേശം നൽകിയിരുന്നത്. ഇതനുസരിച്ച് മൺപണികൾ പൂർത്തിയാക്കി മണലും മെറ്റലും കമ്പിയും ഇറക്കിയിരുന്നു. സിമന്റ് കൊണ്ടുവന്നപ്പോഴാണ് ഇറക്കുന്നത് സംബന്ധിച്ച് യൂണിയൻ തൊഴിലാളികൾ തമ്മിൽ തർക്കമുണ്ടായത്. ആലിൻ ചുവട് കേന്ദ്രമായി 26 എ കാർഡുള്ള 14 തൊഴിലാളികളുണ്ട്. ഇവരെ കൂടാതെ 15 പേർക്ക് കൂടി ലോഡ് ഇറക്കാൻ അനുമതി വേണമെന്നാവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം. ഇത് അംഗീകൃത തൊഴിലാളികൾ തടഞ്ഞതിനെ തുടർന്ന് സിമന്റുമായി വന്ന ലോറി തിരികെ പോയിരുന്നു. ലേബർ ഓഫീസർ ഉൾപ്പെടെയുള്ളവർ ചർച്ച ചെയ്തിട്ടും തർക്കം തീർന്നില്ല. യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ നടക്കുന്നതിനിടയിലാണ് തൊഴിൽത്തർക്കം ഉണ്ടായത്. നിർമാണം വൈകിയാൽ ചെറുതോണി ടൗണിന്റെ വികസനം മന്ദഗതിയിലാകും. ബസ് സ്റ്റാന്റും പെരിയാറിന്റെ സൈഡും ഒലിച്ചുപോയതിനാൽ വാഹനങ്ങൾ പാർക്കുചെയ്യുന്നതിന് ഇപ്പോൾ സൗകര്യങ്ങളില്ല. നിർമാണം പൂർത്തിയായാൽ കുറെ വാഹനങ്ങൾ ഈ റോഡിന് സൈഡിലും പാർക്കുചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കും.