രാജാക്കാട്: പ്രകൃതിസൗന്ദര്യത്താൽ സമ്പന്നമായ പൊന്മുടിയിലും എക്കോപോയിന്റിലും എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം അനുദിനം വർദ്ധിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ അധികൃതർക്ക് തികഞ്ഞ അലംഭാവം. പൊന്മുടി അണക്കെട്ട്, തൊട്ടുതാഴെയുള്ള തൂക്കുപാലം, കെ.എസ്.ഇ.ബിയുടെ ഹൈഡൽ ടൂറിസം വിഭാഗം മുമ്പ് സ്പീഡ് ബോട്ടിംഗ് നടത്തിയിരുന്ന മരക്കാനത്തിനു സമീപത്തെ എക്കോപോയിന്റ്, കിലോമീറ്ററുകളോളം ദൂരത്തിൽ വ്യാപിച്ച് കിടക്കുന്ന മലയോരമേഖലകളുടെ 360 ഡിഗ്രി കാഴ്ച ലഭിക്കുന്ന നാടുകാണിമല തുടങ്ങിയവ ആഭ്യന്തര വിദേശ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണെങ്കിലും ഇവിടെ ഒന്ന് ഇരിയ്ക്കുന്നതിനോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനോ പോലും സൗകര്യങ്ങളില്ല.
ദിനംപ്രതി 500 സഞ്ചാരികൾ
പ്രളയശേഷം വിനോദ സഞ്ചാരമേഖല നിശ്ചലമായ ഈ സീസണിലും ട്രക്കിംഗ് ജീപ്പുകളിലും സ്വകാര്യ വാഹനങ്ങളിലുമായി ദിവസവും ശരാശരി അഞ്ഞൂറിലധികം സന്ദർശകർ എത്തുന്നുണ്ട്. അര നൂറ്റാണ്ടിലധികം പഴക്കമുള്ള തൂക്കുപാലമാണ് ഇവിടുത്തെ മറ്റൊരാകർഷണം. കാട് കയറിയ മലയടിവാരത്ത് ക്ലാസിക് ഭാവങ്ങളോടെ സ്ഥിതി ചെയ്യുന്ന ഇത് പന്നിയാർ പുഴയുടെ ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ട് പുഴനിരപ്പിൽ നിന്ന് നൂറടിയിലേറെ ഉയരത്തിൽ ഇരുമ്പ് വടങ്ങളിൽ തൂങ്ങി നിൽക്കുന്നു. സിനിമാ നിർമ്മാതാക്കളുടെയും ആൽബം ചിത്രീകരണക്കാരുടെയും ഇഷ്ടകേന്ദ്രവും നിത്യവും നൂറുകണക്കിന് സഞ്ചാരികളെ ആകർഷിക്കുന്ന ഇടവുമാണ്.
സൗന്ദര്യം കെടുത്തി മാലിന്യം
സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്നതനുസരിച്ച് അവർ നിക്ഷേപിക്കുന്ന മാലിന്യങ്ങളും വർദ്ധിക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഭക്ഷണാവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തൂക്കുപാലത്തിന്റെ ഇരുഭാഗത്തും കൂടിക്കിടക്കുകയാണ്. മൃഗാവശിഷ്ടങ്ങൾ അടക്കമുള്ളവ പുറമെ നിന്ന് വാഹനങ്ങളിൽ കൊണ്ടുവന്ന് രാത്രികാലങ്ങളിൽ ഇവിടെ തള്ളുന്നുമുണ്ട്. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഒരു വെയിസ്റ്റ് ബിൻ മാത്രമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഇത് നിറഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇവ നീക്കം ചെയ്യപ്പെടാതെ കിടക്കുന്നത് പരിസര മലിനീകരണത്തിനും പ്രദേശത്തെ ജൈവ വൈവിദ്ധ്യത്തിന്റെ നാശത്തിനും വഴിയൊരുക്കുകയാണ്.
പദ്ധതികളുണ്ട്, നടപ്പിലാകില്ല
കൊന്നത്തടി- രാജാക്കാട് പഞ്ചായത്തുകളുടെ അതിർത്തിയിൽ ഇരുപഞ്ചായത്തുകളിലുമായി കിടക്കുന്ന കേന്ദ്രങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് പൊന്മുടി ഡാം കേന്ദ്രീകരിച്ച് വിപുലമായ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കുമെന്ന് വൈദ്യുത വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ആദ്യപടിയായി ഡാം പരിസരത്തെ കാട് വെട്ടിത്തെളിക്കുകയും ചെയ്തിരുന്നു. ബോട്ട് ലാന്റിംഗ് നിർമ്മിക്കുന്നതിനായി ജല സംഭരണിയുടെ തീരത്തേയ്ക്ക് റോഡ് വെട്ടിയെങ്കിലും സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് വനംവകുപ്പ് തർക്കം ഉയർത്തി. ഇതോടെ നാടിന്റെ സമഗ്ര വികസനത്തിന് ഉതകുമായിരുന്ന ബ്രഹദ് പദ്ധതിയും അകാല ചരമമടഞ്ഞു. എക്കോപോയിന്റ് കേന്ദ്രീകരിച്ച് ഹൈഡൽ ടൂറിസം വിഭാഗം രണ്ട് വർഷം മുമ്പ് സ്പീഡ് ബോട്ടിംഗ് ആരംഭിച്ചിരുന്നെങ്കിലും ഏതാനും മാസങ്ങൾക്കകം നിലച്ചു. വിവരമറിഞ്ഞ് കൂടുതൽ സഞ്ചാരികൾ ബോട്ടിംഗ് നടത്താൻ എത്തി തുടങ്ങിയിരുന്നെങ്കിലും നിരാശരായി മടങ്ങി. ഇതിന്റെ സമീപത്തായുള്ള ഉയർന്ന മലയാണ് നാടുകാണി. സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഇവിടെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പവലിയൻ, ഷോപ്പിംഗ് ഏരിയ, ശൗചാലയങ്ങൾ എന്നിവ ഉൾപ്പെടുന്ന വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കുവാൻ ആലോചിച്ചിരുന്നു. എന്നാൽ ഇതിന്റെ നടപടികൾ പ്രളയകാലത്തോടെ അവസാനിച്ചതായാണ് വിവരം.