തൊടുപുഴ: വികലാംഗർക്കായി വിളിച്ചു ചേർത്ത വാർഡു സഭ അറിയിക്കാത്തതിനെ ചൊല്ലി യു.ഡി.എഫ്- എൽ.ഡി.എഫ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റം. ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് കഴിഞ്ഞ ആഴ്ച മുനിസിപ്പൽ ഓഫീസിനു താഴെ വികാലാംഗർക്കായി മാത്രം വിളിച്ചു ചേർത്ത വാർഡു സഭ യോഗം പല വാർഡിലെയും ജനങ്ങളും കൗൺസിലർമാരും അറിഞ്ഞില്ലെന്ന് പരാതിയുണ്ടായത്. വാർഡു സഭയെക്കുറിച്ച് കൗൺസിലർമാരോടു ചോദിച്ചപ്പോൾ തങ്ങൾക്ക് മറുപടി പറയാൻ പറ്റാത്ത അവസ്ഥയുണ്ടായതായും യു.ഡി.എഫ് കൺസിലർമാർ യോഗത്തിൽ പറഞ്ഞു. ഇതിനിടെ വികാലാംഗരുടെ ഭാരാവാഹികളും വാർഡു സഭ അറിയിക്കാത്തതിൽ പ്രതിഷേധവുമായി നഗരസഭയിലെത്തി. തുടർന്ന് ചെയർപേഴ്‌സൺ മിനി മധു കൗൺസിലിൽ നിന്ന് പുറത്തെത്തി ഇവരെ നേരിൽ കണ്ടു വിഷയം ചർച്ച ചെയ്തു. ക്ഷേമകാര്യ സ്റ്റാർഡിങ് കമ്മിറ്റി കൂടി സാമൂഹികക്ഷേമ വകുപ്പ് ഓഫീസർ വഴി ഐ.സി.ഡി.എസ്. സൂപ്പർവൈസർക്ക് വാർഡു സഭ നടത്തുന്നതിനെക്കുറിച്ച് നിർദേശം നൽകിയിരുന്നു. കൗൺസിലർമാരല്ല, ഇവരാണ് ഓരോ അംഗൻവാടി വർക്കർമാരെയും വിവരം അറിയിക്കേണ്ടതെന്നും മിനി മധു പറഞ്ഞു. ബന്ധപ്പെട്ടവരോടു ഇതിന്റെ വിശദീകരണം ആവശ്യപ്പെട്ട് വിവരം അറിയിക്കാമെന്നറിയിച്ചതോടെ പ്രതിഷേധക്കാർ മടങ്ങി പോയി. തുടർന്ന് ചെയർപേഴ്‌സൺ കൗൺസിലിൽ തിരിച്ചെത്തി എല്ലാവരെയും വിവരം കൃത്യമായി ധരിപ്പിച്ചില്ലെന്നും ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ ഐ.സി.ഡി.എസ് സൂപ്പർവൈസറോടു വീശദീകരണം തേടാമെന്ന് അറിയിക്കുകയായിരുന്നു. കൂടാതെ യോഗം നടത്താനായി വിളിച്ചു ചേർത്ത സ്ഥലത്തെ ചൊല്ലിയും ആക്ഷേപം ഉയർന്നു. യോഗത്തിൽ പങ്കെടുത്ത ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യവും മറ്റും കുറവായിരുന്നുവെന്ന് യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. എന്നാൽ അനാവശ്യ വിഷയങ്ങൾ ഉയർത്തി വിവാദങ്ങൾ സൃഷ്ടിക്കരുതെന്ന് എൽ.ഡി.എഫ് കൗൺസിലർമാരും പറഞ്ഞു. നഗരത്തിലെ അപകടകരമായ മരങ്ങൾ വെട്ടി മാറ്റണമെന്നും വെട്ടിയിട്ടിരിക്കുന്ന സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറ്റണമെന്നും കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.
എ.ബി.സി പദ്ധതിയിൽ വ്യക്തതയില്ല
എ.ബി.സി പദ്ധതിക്കുവേണ്ടി ചിലവഴിച്ച കണക്കുകളിൽ വ്യക്തത വരുത്തണമെന്ന് മുൻ ചെയർപേഴ്‌സൺ സഫിയ ജബ്ബാർ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപയ്ക്ക് 95 പട്ടികളെ ആണ് വന്ധീകരിച്ചത്. പക്ഷേ പിന്നീട് അഞ്ചു ലക്ഷം രൂപ കുടുംബശ്രീ ഇടപെട്ട് കാലീതീറ്റയ്ക്കു വേണ്ടി മാറ്റിവച്ച തുകയിൽ വക മാറ്റി എബിസി പദ്ധതിയ്ക്ക് നൽകിയിരുന്നു. തുടർന്ന് 200 തെരുവുനായകളെ പിടിച്ചു വന്ധീകരിച്ചുവെന്നാണ് പറയുന്നത്. അതിനു തെളിവുകൾ ഇല്ലെന്നും സഫിയ ജബ്ബാർ അരോപിച്ചു. അതിനാൽ പദ്ധതിയ്ക്ക് വേണ്ടി ഇനി ഫണ്ട് മാറ്റി വയ്‌ക്കേണ്ടതില്ലെന്നും വ്യക്ത വരുത്തിയിട്ട് പണം അനുവദിച്ചാൽ മതിയെന്നും തീരുമാനിക്കുകയായിരുന്നു.