മറയൂർ: പ്രകൃതിദുരന്തങ്ങളും വന്യജീവികളുടെ ശല്യവും അതിജീവിച്ച് മറയൂർ മലനിരകളിൽ വിളഞ്ഞ കായ്‌കനികളും ആദിവാസികളുടെ പക്ഷി-മൃഗാദികളും ഇത്തവണയും 'ചില്ല' വിപണിയെ സമ്പന്നമാക്കി. വനത്തിൽ വിളയുന്ന കാട്ടുനെല്ലിക്ക, ഗോത്രവർഗ കോളനികളിൽ കൃഷിചെയ്ത കൂർക്ക കിഴങ്ങ്, ചെറുനാരങ്ങ, ഏലക്ക, കാന്താരിമുളക്, ബീൻസ്, മുരിങ്ങ ബീൻസ്, ബട്ടർ ബീൻസ്, ഉരുളകിഴങ്ങ് , പാഷൻ ഫ്രൂട്ട് , മരത്തക്കാളി എന്നിവയാണ് വിപണിയിൽ ചൂടപ്പംപോലെ വിറ്റഴിച്ചത്. ഇതിനുപുറമെ കോളനികളിൽ വളർത്തുന്ന നാടൻ കോഴിയ്ക്കും ആടിനും ആവശ്യക്കാരേറെയായിരുന്നു. വില അൽപ്പം കൂടിയാലും ഗുണമേന്മയുള്ള ഉത്പന്നങ്ങൾ സ്വന്തമാക്കാൻ ഇത്തവണ കേരളത്തിലേയും തമിഴ്നാട്ടിലേയും നിരവധി വ്യാപാരികൾ എത്തിയതോടെ വിപണിയിൽ മത്സരമായി. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം മാത്രം ഒന്നരകോടി രൂപയുടെ ലേലവിൽപ്പനയാണ് ചില്ലയിൽ നടന്നത്. കാന്താരിമുളക്, പാഷൻ ഫ്രൂട്ട്, മരത്തക്കാളി എന്നിവയൊക്കെ പ്രതീക്ഷിച്ചതിലും ഇരട്ടിവിലയ്ക്കാണ് വിറ്റുപോയത്. പാഷൻ ഫ്രൂട്ട് പൊതുവിപണയിൽ കിലോയ്ക്ക് 40 രൂപ നിരക്കിലാണ് കർഷകരിൽ നിന്ന് വ്യാപാരികൾ സംഭരിക്കുന്നത്. എന്നാൽ ചില്ലയിൽ ഇന്നലെ 155 രൂപയായിരുന്നു പാഷൻഫ്രൂട്ടിന് വില. രാസവളവും കീടനാശിനിയും ലവലേശമില്ലാതെ പ്രകൃതിയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ വിളയുന്നവയെന്നതാണ് മറയൂരിലെ ഉത്പന്നങ്ങളുടെ പ്രത്യേകത. ഇരുസംസ്ഥാനങ്ങളിലെയും വ്യാപാരികൾക്ക് പുറമെ വിനോദ സഞ്ചാരികളും ചില്ലവിപണിയിലെ വ്യാപാര മാമാങ്കത്തിൽ പങ്കാളികളാകാറുണ്ട്. മുൻകാലങ്ങളിൽ തുച്ഛമായ വില നൽകി ഇടനിലക്കാർ തട്ടിയെടുത്തിരുന്ന ഉത്പന്നങ്ങൾ ഇന്ന് വനംവകുപ്പിന്റെ നിയന്ത്രണത്തിൽ പ്രത്യേക സംവിധാനത്തിലൂടെ വിറ്റഴിക്കുന്നതുകൊണ്ട് പരമാവധി വില ആദിവാസികൾക്ക് നേരിട്ട് ലഭിക്കും. ഗോത്രവർഗക്കാരുടെ ജീവിതനിലവാരത്തിലും കാർഷിക വൃത്തിയിലും അതിന്റെ പുരോഗതി പ്രകടവുമാണ്.
ഈ ആഴ്ചയിലെ വിലവിവരം
കാട്ടുനെല്ലിക്ക- 20 രൂപ/ കിലോഗ്രാം.
കൂർക്ക- 47 രൂപ
ചെറുനാരങ്ങ- 67 രൂപ
ഏലക്ക ഉണക്ക- 970 രൂപ
പച്ച ഏലക്ക- 160 രൂപ
കാന്താരി മുളക്- 250 രൂപ
ബീൻസ്, മുരിങ്ങ ബീൻസ്- 55 രൂപ
ബട്ടർ ബീൻസ്- 95 രൂപ
ഉരുളകിഴങ്ങ്- 33 രൂപ
ഫാഷൻ ഫ്രൂട്ട്- 155 രൂപ
മരത്തക്കാളി- 70 രൂപ
'ചില്ല" വിപണി
വനാന്തരങ്ങളിലെ വിവിധ ഗോത്രവർഗക്കാർ കൃഷി ചെയ്‌തെടുക്കുന്ന വിളകളും വളർത്തുമൃഗങ്ങളും ഇവർ ശേഖരിക്കുന്ന വനവിഭവങ്ങളും ഇടനിലക്കാരില്ലാതെ വിൽപ്പനനടത്തി ന്യായവില ലഭ്യമാക്കുന്നതിന് വേണ്ടി മറയൂർ സാൻഡൽ ഡിവിഷന്റെ നിയന്ത്രണത്തിൽ വനംവകുപ്പ് ആരംഭിച്ച പ്രതിവാര ചന്തയാണ് 'ചില്ല ലേല വിപണി'. മറയൂരിൽ എല്ലാ വ്യാഴാഴ്ചകളിലുമാണ് വിപണി പ്രവർത്തിക്കുന്നത്.