മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ ജലനിധി പദ്ധതി നിർവ്വഹണത്തിലെ പാളിച്ചകളിൽ പ്രതിഷേധിച്ച് ചുരക്കുളം നിവാസികൾ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

ജലനിധി പദ്ധതിയിൽ ചുരക്കുളം മേഖലയിൽ കരിമ്പാറ ഗുണഭോക്തൃസമിതി രൂപികരിച്ച് ലക്ഷങ്ങൾ മുടക്കി പൈപ്പുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ വെള്ളം ശുദ്ധികരിക്കുന്നതിനുള്ള ടാങ്കുകൾ നിർമ്മിക്കാതെ മലിനജലമാണ് തുടക്കത്തിൽ നല്കിയിരുന്നത്. കുഴിയെടുക്കാതെ മണ്ണിന് മുകളിലൂടെ ഇട്ട പൈപ്പുകൾ ദിവസങ്ങൾക്കകം പല സ്ഥലത്തും പൊട്ടി വെള്ളം പാഴാകുന്നത് തുടർകഥയാണ്. ഇപ്പോൾ കുടിവെള്ളവിതരണം മുടങ്ങിയിട്ട് രണ്ടുമാസത്തോളമായി. ഇതിൽ പ്രതിഷേധിച്ചാണ് ചുരക്കുളം നിവാസികൾ ഉപരോധിച്ചത്. പഞ്ചായത്ത് സെക്രട്ടറിയുമായി പ്രതിഷേധക്കാർ നടത്തിയ ചർച്ചയിൽ പ്രശ്‌നം പെട്ടെന്ന് പരിഹരിക്കുമെന്ന ഉറപ്പിൻമേൽ ഉപരോധസമരം അവസാനിപ്പിച്ചു. ജോയി പാണ്ടാലി, അനീഷ് , രാഹൂൽ രാജേന്ദ്രൻ എന്നിവർ നേതൃത്വം നല്കി.