തൊടുപുഴ: നഗരസഭാ പരിധിയിൽ നടന്ന കവർച്ചയ്ക്കു പിന്നിലെ പ്രതിയെ തിരിച്ചറിഞ്ഞു . കാഞ്ഞിരപ്പള്ളി സ്വദേശിയായ മോഷ്ടാവ് ആണെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. തൊടുപുഴ നഗരത്തിനു സമീപം ആനക്കൂട് ഭാഗത്തെ വീട്ടിൽ മോഷണവും ചാത്തൻമല ഭാഗത്തെ പല വീടുകളിലും മോഷണ ശ്രമങ്ങളും നടത്തിയതിനു പിന്നിൽ ഇയാൾ തന്നെയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇരുപതോളം മോഷണക്കേസുകളിൽ പ്രതിയായ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്‌.ഐ വിഷ്ണുകുമാർ പറഞ്ഞു.
ആനക്കൂട് റെസിഡന്റ്സ് അസോസിയേഷൻ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ നിന്നും ലഭിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങളുടെ ചുവടു പിടിച്ചാണ് പൊലീസ് ആദ്യം അന്വേഷണം നടത്തിയത്. ചിത്രത്തിലുള്ളയാളുടെ ശരീര പ്രകൃതിയും മോഷണ രീതീയും അനുസരിച്ച് അടുത്തിടെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതിയായിരിക്കാം എന്ന നിലയിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാൽ കൂടുതൽ അന്വേഷണത്തിൽ ഷാജഹാൻ എന്ന ഇയാൾ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിൽസയിലാണെന്ന് വ്യക്തമായി. തുടർന്ന് പാലാ ഡിെൈവസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളാണ് സിസിടിവി ദൃശ്യം കണ്ട് മോഷ്ടാവിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ നൽകിയത്. ഏതാനും നാളുകൾക്ക് മുമ്പ് പൊൻകുന്നത്തും ഇയാൾ മോഷണം നടത്തിയിരുന്നു. കൂടുതൽ പരിശോധനയിൽ തൊടപുഴയിലെ മോഷണത്തിനു പിന്നിൽ ഇയാൾ തന്നെയാണെന്ന് വ്യക്തമായി.