തൊടുപുഴ: യാത്രക്കാരെ ഭിതിയിലാഴ്ത്തി തൊടുപുഴ- ഊന്നുകൽ റോഡിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം. സേനാപതിയിൽ നിന്ന് മുണ്ടക്കയത്തേക്ക് പോയ ബസും പണിക്കൻക്കുടിയിൽ നിന്ന് തൊടുപുഴയ്ക്ക് വന്ന് ബസുമാണ് കഴിഞ്ഞദിവസം മത്സരയോട്ടം നടത്തി യാത്രക്കാരെ മുൾമുനയിലാക്കിയത്. മുണ്ടക്കയം ബസ് ഗതാഗതാക്കുരുക്കിൽപ്പെട്ട് നിശ്ചിതസമയം വൈകിയാണ് നേര്യമംഗലത്ത് എത്തിയത്. പിന്നാലെ യഥാർത്ഥ സമയം പാലിച്ച് തൊടുപുഴ ബസും എത്തിയതോടെ മത്സര ഓട്ടത്തിന് കളമൊരുങ്ങുകയായിരുന്നു. നേര്യമംഗലം മുതൽ മത്സരിച്ച് പാഞ്ഞതോടെ ഇരു ബസുകളിലെയും യാത്രക്കാർ ആശങ്കയിലായി. കൊച്ചി- ധനുഷ്കോടി ദേശിയ പാതയിൽ നിന്ന് തിരിഞ്ഞ് ഊന്നുകൽ- തൊടുപുഴ പാതയിലേക്ക് പ്രവേശിച്ചപ്പോഴേക്കും യാത്രക്കാരുടെ ഭീതി വർദ്ധിച്ചു. നിരവധി വളവുകളുള്ള റോഡിൽ വീതിയും കുറവാണ്. പലയിടത്തും ബസുകൾ മറികടക്കാൻ ശ്രമിച്ചത് യാത്രക്കാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കി. പൈങ്ങോട്ടൂർ ബസ് സ്റ്റാൻഡിലെത്തിയപ്പോൾ ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റവുമുണ്ടായി. കലൂരിന് സമീപം എത്തിയപ്പോൾ യാത്രക്കാർ ബഹളം വയ്ക്കാൻ തുടങ്ങി. തൊടുപുഴ സ്റ്റാൻഡിലെത്തി യാത്രക്കാരെയിറക്കിയ ശേഷം ജീവനക്കാർ തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടായി. വാളറയിൽ ഇടിഞ്ഞ റോഡിന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ ഒരു വാഹനത്തിന് കഷ്ടിച്ചുമാത്രമേ ഇതുവഴി കടന്നുപോകാൻ കഴിയൂ. ഇരുവശങ്ങളിൽ നിന്നും വാഹനങ്ങളെത്തുമ്പോൾ ഗതാഗത കുരുക്കും ഉണ്ടാകുന്നുണ്ട്. ഇതാണ് മുണ്ടക്കയം ബസ് വൈകി എത്താൻ കാരണമായത്.

അപകടങ്ങളും കൂടുന്നു

ഊന്നുകൽ- തൊടുപുഴ റോഡിൽ വഹനങ്ങളുടെ കൂട്ടിയിടികൾ വർദ്ധിക്കുന്നു. കഴിഞ്ഞദിവസം കുമാരമംഗലം ഉരിയരിക്കുന്നിനടുത്ത് കെ.എസ്.ആർ.ടി.സി ബസും കാറും തമ്മിൽ ഉരസിയതിനെച്ചൊല്ലി കാർ ഡ്രൈവറും ബസ് യാത്രക്കാരും തമ്മിൽവാക്കേറ്റം ഉണ്ടായി. വീതികുറഞ്ഞ റോഡിലെ കൊടുംവളവുകളിൽ ഇരു ഭാഗത്തനിന്നും വരുന്ന വാഹനങ്ങൾ മുൻകൂട്ടി കാണാൻ സാധാക്കാത്തതാണ് അപകടങ്ങൾക്ക് കാരണം. വളവുകളിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പ്പെടുന്നതും പതിവാണ്.