അടിമാലി: ഇടുക്കി ജില്ലാ സ്കൂൾ ശാസ്ത്രളക്ക് കൂമ്പൻപാറ ഫാത്തിമമാത ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കമായി. 7 ഉപജില്ലകളിൽ നിന്നായി 1500 വിദ്യാർത്ഥികളാണ് മേളയിൽ മാറ്റുരക്കുന്നത്. ഐടി, പ്രവർത്തിപരിചയം തുടങ്ങിയ വിഭാഗങ്ങളിലാണ് ഇന്നലെ മത്സരം നടന്നത്. ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം തുടങ്ങിയ വിഭാഗങ്ങളിൽ ഇന്നാണ് മത്സരം നടക്കുക. 132 ഇനങ്ങളിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ 163 വിദ്യാലയങ്ങളിൽ നിന്നും ഹയർസെക്കൻഡറി വിഭാഗത്തിൽ 68 വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. ഹൈസ്‌ക്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് മാത്രമാണ് ഇത്തവണ മത്സരങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇന്നലെ രാവിലെ മുതൽ തുടർച്ചയായി മഴ പെയ്‌തെങ്കിലും മത്സരങ്ങളുടെ നടത്തിപ്പിനെ ഇത് കാര്യമായി ബാധിച്ചില്ല. മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, വെബ് പേജ് ഡിസൈനിംഗ്, മൾട്ടി മീഡിയ പ്രസന്റേഷൻ, പ്രൊജക്ട് പ്രസന്റേഷൻ തുടങ്ങിയ ഇനങ്ങളിലായിരുന്നു ഐടി മേളയിൽ മത്സരങ്ങൾ നടന്നത്. ബഡ്ഡിംഗ്, ഗ്രാഫിറ്റിങ്ങ്, ലെയറിംങ്ങ്, ഫ്രാബിക് പെയിന്റിംങ്ങ്, കുട നിർമ്മാണം, കരകൗശലവസ്തുക്കളുടെ നിർമ്മാണം തുടങ്ങി ഇന്നലെ നടന്ന എല്ലാമത്സരങ്ങളിലും വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്.
പ്രളയത്തെ അതിജീവിക്കുന്ന് വിദ്യാർത്ഥി ഭാവന
അടിമാലി: റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ പ്രളയമുൾപ്പെടെയുള്ള കാലിക വിഷയങ്ങളെ തൻമയത്വത്തോടെ അവതരിപ്പിച്ച് മത്സാർത്ഥികൾ മികച്ചപ്രകടനം കാഴ്ച്ചവച്ചു. കാൻസർ വ്യാപനവും കുട്ടികളിലെ അമിത ഇന്റർനെറ്റ് ഉപയോഗവുമെല്ലാം പ്രൊജക്ട് പ്രസന്റേഷനിലെ പ്രതിപാധ്യ വിഷയങ്ങളായെത്തിയപ്പോൾ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ എങ്ങനെ പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാമെന്ന കട്ടപ്പന സെന്റ് ജോർജ് ഹൈസ്‌ക്കൂളിലെ വിദ്യാർത്ഥിനി ജിയന്ന രാജുവിന്റെ അവതരണം മത്സരവേദിയിൽ ശ്രദ്ധേയമായി. പ്രളയം തകർത്ത കേരളത്തിന്റെ പുനർനിർമ്മാണ ചിന്തയിൽ നിന്നുമാണ് താൻ ഇത്തരമൊരു വിഷയം തിരഞ്ഞെടുത്തതെന്ന് ജിയന്ന പറഞ്ഞു. ജിപിഎസ് സംവിധാനം ,ജയോ ടാഗ്, ഡ്രോൺ, ക്രിത്യമായ കാലാവസ്ഥ നിരീക്ഷണം, ദൃശ്യമാധ്യമങ്ങളുടെ റപ്പോർട്ടിംഗ് എന്നിവയിലൂടെയെല്ലാം ഇനിയൊരു പ്രകൃതി ദുരന്തമുണ്ടായാൽ നാശനഷ്ടങ്ങളുടെ തോത് കുറക്കാമെന്ന് ജിയന്ന തന്റെ അവതരണത്തിലൂടെ പറയുന്നു. കാലിക പ്രാധാന്യം ഉൾക്കൊള്ളുന്ന മറ്റ് വിഷയങ്ങളും പ്രൊജക്ട് പ്രസന്റേഷനിൽ വിഷയങ്ങളായി.
പാഴ് വസ്തുക്കളിൽ ഒളിഞ്ഞിരിക്കുന്ന കൗതുകക്കാഴ്ചകൾ
അടിമാലി: പാഴ്‌വസ്തുക്കളിൽ കരവിരുത് തീർത്ത് റവന്യൂ ശാസ്ത്രമേളയിലെ കൗതുകവസ്തുക്കളുടെ നിർമ്മാണമത്സരം ഏറെ ശ്രദ്ധേയമായി. തൊടിയിൽ വലിച്ചെറിയപ്പെടുന്ന പാഴവസ്തുക്കൾ കൊണ്ട് ചന്തമേറുന്ന അലങ്കാര വസ്തുക്കൾ തീർത്താണ് മത്സാരാർത്ഥികൾ മാറ്റുരച്ചത്. ഉപയോഗമില്ലെന്ന് കരുതി വലിച്ചെറിയപ്പെടുന്നവയ്ക്കും വലിയൊരു ലോകമുണ്ടെന്ന് ഓർമ്മപ്പെടുത്തുകയായിരുന്നു ശാസ്ത്രമേളയിലെ പാഴവസ്തു ഉത്പന്ന നിർമ്മാണ മത്സരം. പരിസ്ഥിതിക്ക് ഹാനികരമാം വിധം അലക്ഷ്യമായി ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ മുതൽ ഉണങ്ങിയ കൊക്കൊ തൊണ്ടും ചകിരി തൊണ്ടുമെല്ലാം കൗമാരകരവിരുതിൽ അലങ്കാരവസ്തുക്കളായി. പേപ്പർ ഗ്ലാസുകളിൽ പൂക്കളുടെ വകഭേതം തീർത്തപ്പോൾ മുളമുട്ടുകളിൽ പൂക്കുട്ട തീർത്തായിരുന്നു ചിലർ മത്സരത്തിൽ സജീവമായത്. ചകിരിത്തൊണ്ടിൽ തീർത്ത ആമയും വലിയ കുപ്പിക്കുള്ളിലെ അക്വേറിയവും ഏറെ കൗതുകമായി.