1. കൊച്ചി- ധനുഷ്‌ക്കോടി ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം
2. മൂന്നാർ -വട്ടവട റോഡിൽ മാട്ടുപെട്ടിഭാഗത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
3. മറയൂർ - മൂന്നാർ റോഡിലെ പെരിയവരൈ താൽക്കാലിക പാലം ഒലിച്ചുപോയി.
4. പന്നിയാർകൂട്ടിയിൽ ചെളിയിൽ കാർ കുടുങ്ങി
5. പന്നിയാർപുഴയിൽ ജലനിരപ്പ് അസാധാരണമായി ഉയർന്നു
6. നെടുങ്കണ്ടം പച്ചടി ജംഗ്ഷനിൽ വെള്ളക്കെട്ട്
7. വട്ടവട- കൊട്ടക്കമ്പൂർ മേഖലയിൽ വീടുകളും കൃഷിയും നശിച്ചു
ഇടുക്കി: ഗജ ചുഴലിക്കാറ്റിനെ തുടർന്ന് ഇന്നലെ പുലർച്ചെമുതൽ ജില്ലയിൽ പെയ്ത കനത്തമഴയിൽ വ്യാപക നാശനഷ്ടം. വട്ടവട- കോവില്ലൂർ മേഖലയിൽ വ്യാപക ഉരുൾപൊട്ടലും മണ്ണിടിച്ചിലും
നിരവധി വീടുകളിൽ വെള്ളം കയറി.
കൊച്ചി- ധനുഷ്‌ക്കോടി ദേശീയ പാതയിൽ പൂപ്പാറ മുതൽ മുന്തൽ വരെയുള്ള ചുരം പാത മലയിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ തേനി ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് താൽക്കാലികമായി അടച്ചു. മൂന്നാർ -വട്ടവട റോഡിൽ മാട്ടുപെട്ടിഭാഗത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മറയൂർ - മൂന്നാർ റോഡിൽ താത്കാലികമായി നിർമ്മിച്ച പെരിയവരൈ പാലം ഒലിച്ചുപോയി.
രാജകുമാരി, സേനാപതി, ശാന്തൻപാറ, ചിന്നക്കനാൽ, ഉടുമ്പൻചോല, രാജാക്കാട്, ബൈസൺവാലി, വെള്ളത്തൂവൽ, വട്ടവട, കോവില്ലൂർ, കൊട്ടാക്കമ്പൂർ, പന്നിയാർകൂട്ടി മേഖലയിലാണ് കൂടുതൽ നാശം വിതച്ചത്. മൂന്നുമാസം മുമ്പത്തെ സമാനതകളില്ലാത്ത നാശത്തിന് ശേഷം ചെറിയൊരു മഴപോലും ജില്ലയിൽ വലിയ ആഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. മിക്ക ഇടങ്ങളിലും ഇന്നലെ പകൽമുഴുവൻ തോരാതെ പെയ്തമഴയും ശക്തമായ കാറ്റും ജനമനസുകളെ ദുരന്തസ്മരണകളിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോകുന്നതായിരുന്നു.
പന്നിയാർ ഉൾപ്പെടെയുള്ള പുഴകളും വലുതും ചെറുതുമായ തോടുകളും നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്. കൊച്ചി- ധനുഷ്കോടി ഹൈവേയിൽ പൂപ്പാറ ദേവികുളം റൂട്ടിൽ ഗ്യാപ്പ് ഭാഗത്ത് കല്ല് ഉരുണ്ട് വീണ് ഗതാഗതം തടസപ്പെട്ടു. പന്നിയാർപുഴയിൽ ജലനിരപ്പ് അസാധാരണമായി ഉയർന്നതിനെത്തുടർന്ന് സേനാപതിയിൽ മൂന്ന് വീടുകളിൽ വെള്ളം കയറി. അമ്പാട്ട് മോഹനൻ, കൊല്ലിക്കുന്നേൽ സാബു, ബേബി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇല്ലിപ്പാലം ചപ്പാത്ത് വെള്ളം കയറി മൂടിയതിനെത്തുടർന്ന് കുളപ്പാറച്ചാൽ സേനാപതി റൂട്ടിൽ ഗതാഗതം മുടങ്ങി. രാജാക്കാട്, വലിയകണ്ടം, മുല്ലക്കാനം, പഴയവിടുതി, ചെരിപുറം, കള്ളിമാലി, എൻ.ആർ സിറ്റി, മഞ്ഞക്കുഴി ഭാഗങ്ങളിലെ പാടങ്ങൾ വെള്ളത്തിനടിയിലായി. നെല്ല്, ഏത്തവാഴ, പാവൽ, പയർ, കപ്പ, കൂർക്ക അടക്കമുള്ള കൃഷികൾ വെള്ളത്തിനടിയിലായി. മഹാ പ്രളയകാലത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ഭീതിയിലാണ്. മഴ തുടർന്നാൽ ഏലത്തോട്ടങ്ങളിൽ പണികൾ നിർത്തിവയ്ക്കുവാനുള്ള തീരുമാനത്തിലാണ് ഉടമകൾ.
മഴ പന്നിയാർകൂട്ടിയിൽ ചെളിയിൽ കാർ കുടുങ്ങി
രാജാക്കാട്: പന്നിയാർകൂട്ടിയിൽ ചെളിയിൽ അകപ്പെട്ട കാർ മണിക്കൂറുകളോളം കുടുങ്ങി. അടിമാലി ഭാഗത്തുനിന്നും എത്തിയ കാർ റോഡിലെ അപകടാവസ്ഥ അറിയാതെ ചെളിക്കുഴിയിൽ പെടുകയായിരുന്നു. ആഗസ്റ്റ് മാസത്തെ പേമാരിയിൽ മലയിടിഞ്ഞ ഭാഗത്ത് മണ്ണും ചെളിയും ഒഴുകിയെത്തി റോഡിൽ അടിയുകയായിരുന്നു. ചക്രങ്ങളും എൻജിൻഭാഗവും ചെളിയിൽപൂണ്ട് മുന്നോട്ട് നീങ്ങാത്ത സ്ഥിതിയായി. മലമുകളിൽ നിന്നും കൂടുതൽ മണ്ണ് ഇടിഞ്ഞുവീണുകൊണ്ടിരുന്നതിനാൽ യാത്രക്കാർ വാഹനം ഉപേക്ഷിച്ച് പുറത്തിറങ്ങി. ഇതിനിടെ ഇരുഭാഗങ്ങളിൽ നിന്നും മറ്റ് വാഹനങ്ങൾ എത്തിയെങ്കിലും അപകടാവസ്ഥ മനസിലാക്കി തിരിച്ചുപോയി. വൈകിട്ട് നാലോടെ വെള്ളത്തൂവൽ പൊലീസും, അടിമാലി ഫയഫോഴ്‌സും എത്തി മണ്ണുമാന്തിയന്ത്രം എത്തിച്ച് ചെളി നീക്കിയശേഷം കാർ കെട്ടി വലിച്ച് കയറ്റിവിടുകയായിരുന്നു.
മഹാപ്രളയത്തിൽ അടഞ്ഞ കലുങ്ക് തുറന്നില്ല
മഹാപ്രളയം തകർത്തെറിഞ്ഞ പന്നിയാർകൂട്ടിയിൽ ഇടതുവശത്തെ മലയിടിഞ്ഞ് റോഡിൽ പതിച്ചത് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഈ ഭാഗത്ത് ഉണ്ടായിരുന്ന കലുങ്ക് മണ്ണ് കയറി അടഞ്ഞത് ഇതുവരെയും തുറക്കാത്തതാണ് റോഡിൽ ചെളി അടിയാൻ കാരണമായത്. ഓട ഇല്ലാത്തതിനാൽ മലമുകളിൽ നിന്നുള്ള വെള്ളവും ചെളിയും റോഡിലൂടെ കവിഞ്ഞ് മറുവശത്തേയ്ക്ക് ഒഴുകി പന്നിയാർപുഴയിൽ പതിക്കുകയുമായിരുന്നു. ഇതുമൂലം റോഡരികിൽ കോരിയിട്ടിരുന്ന മണ്ണിന്റെ നല്ലൊരു ഭാഗവും ഒലിച്ചുപോയി. ഈ സ്ഥിതി തുടർന്നാൽ അവശേഷിക്കുന്ന റോഡുകൂടി ഇടിഞ്ഞ് പുഴയിൽ പതിയ്ക്കുവാൻ സാദ്ധ്യതയുണ്ട്.
നെടുങ്കണ്ടം പച്ചടി ജംഗ്ഷൻ വെള്ളത്തിൽ മുങ്ങി.
നെടുങ്കണ്ടം: പച്ചടി ജംഗ്ഷൻ വീണ്ടും വെള്ളത്തിൽ മുങ്ങി. വെള്ളകെട്ട് ഒഴിവാക്കുവാൻ നടപടി സ്വീകരിയ്ക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴ് വാക്കായി. കഴിഞ്ഞ മഴക്കാലം മുതലാണ് ഇവിടെ വെള്ളകെട്ട് പതിവായത്. പടിഞ്ഞാറേക്കവല മുതൽ ചക്കക്കാനം വരെയുള്ള ഭാഗങ്ങളിലും ടൗണിലെ വീടുകളിലും സ്ഥാപനങ്ങളിലും അന്ന് വെള്ളം കയറിയിരുന്നു. ടൗണിലൂടെയുള്ള ഓവു ചാലുകളിൽക്കൂടി മഴവെള്ളം തടസം കൂടാതെ ഒഴുകിപ്പോകാതിരുന്നതാണ് വെള്ളം കയറാൻ കാരണം. പിന്നീട് ചെറിയ മഴയിൽ പോലും വെള്ളകെട്ട് പതിവായതോടെ പഞ്ചായത്ത് അംഗങ്ങളും മർച്ചന്റ്‌സ് അസോസിയേഷനും പി.ഡബ്ല്യു.ഡി ഓഫീസിൽ പ്രതിഷേധവുമായി എത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ വെള്ളകെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിയ്ക്കുമെന്ന് അധികൃതർ ഉറപ്പും നൽകി. എന്നാൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വട്ടവട- കോവില്ലൂർ മേഖലയിൽ
നിരവധി വീടുകളിൽ വെള്ളം കയറി നാശം
മറയൂർ: വട്ടവട പ്രദേശം ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള കനത്ത മഴയിൽ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ തുടങ്ങിയ കനത്ത മഴ ഇന്നലെ ഉച്ചയോടെ കൂടുതൽ ശക്തിപ്രാപിച്ചു. അറുപതോളം ഇടങ്ങളിൽ മണ്ണിടിച്ചിലും പത്തിടങ്ങളിൽ ഉരുൾപൊട്ടലും ഉണ്ടായി. പ്രദേശത്തെ ചെറുതോടുകൾ പോലും കരകവിഞ്ഞൊഴുകി. ഹെക്ടർ കണക്കിന് കാർഷിക വിളകൾ നശിച്ചു. വട്ടവട, കോവില്ലൂർ, കൊട്ടാക്കൊമ്പൂർ , പഴത്തോട്ടം എന്നീ മേഖലകളിൽ അറുപതോളം വീടുകൾ തകർന്നു. ഇതിൽ ഭൂരിഭാഗവും മൺചുവരുപയോഗിച്ച് നിർമ്മിച്ചവയാണ്.
വട്ടവട പഞ്ചായത്തിലെ വള്ളാവയൽ , മല്ലിക്കളം, ഉരുവമേൽവയൽ,, മെതിസ, പഴത്തോട്ടം ഇടപെട്ടി എന്നിവടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. ജനവാസകേന്ദ്രങ്ങളിൽ നിന്നും അകലെ ആണ് ഉരുൾ പൊട്ടിയിരിക്കുന്നത് എന്നതിനാൽ ഴൻ ദുരന്തങ്ങൾ ഒഴിവായി. ഇന്നലെ രാവിലെ വീശിയടിച്ച കനത്തകാറ്റിലാണ് വീടുകൾക്ക് നാശം സംഭവിച്ചത്. ഗണേശന്റെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു വീടിനുള്ളിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കൊട്ടാകൊമ്പൂർ കോവില്ലൂർ മേഖലകളിലും നാശം വിതച്ചിട്ടുണ്ട്. മറയൂർ മേഖലയിലെ കരിമ്പ് കൃഷിയും ഒടിഞ്ഞുനശിച്ചു. വട്ടവട - കാന്തല്ലൂർ മേഖലകളിൽ നൂൽ മഴമാത്രമാണ് ലഭിക്കാറുള്ളത് ഇത്രയും അതിശക്തമായ രീതിയിൽ മഴപെയ്യുന്നത് ആദ്യ സംഭവമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.