അടിമാലി: ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരത്തിന് പിന്നാലെ പായുന്ന പുതുതലമുറക്ക് നാടൻ ഭക്ഷണ സംസ്‌ക്കാരത്തിന്റെ പ്രധാന്യം ഓർമ്മപ്പെടുത്തി റവന്യൂജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ വേറിട്ടൊരു മത്സരയിനം. ചെലവ് കുറഞ്ഞതും പോഷകസമൃദ്ധവുമായ ഭക്ഷണം തയ്യാറാക്കുക എന്നതായിരുന്നു മത്സരയിനം. സംഘാടകരുടെ പ്രതീക്ഷക്കപ്പും പ്രതികരണങ്ങളുമായി കുറുമ്പല്ല് കുറുക്ക്, ഗോതമ്പ് പുട്ട്, റാഗി കുറുക്ക്, വാഴപ്പിണ്ടി തോരൻ, കരിപ്പട്ടി ദോശ തുടങ്ങിയ നാടൻ രുചിക്കൂട്ടുകൾ ഗോദയിൽ നിറഞ്ഞു. ഫലത്തിൽ ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരത്തിൽ തിരസ്‌ക്കരിക്കപ്പെട്ട് പോയ പോഷകാഹാരങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയായി ഈ മത്സരം. മുതിര പായസവും മത്തങ്ങ വിളയിച്ചതും താള് തോരനുമെല്ലാം മലയാളത്തനിമയുള്ള നാടൻഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഇടംപിടിച്ചു. രുചിക്കുറവും വിലക്കുറുവും കൊണ്ട് തൊടിയിൽ ഉപേക്ഷിക്കപ്പെടുന്ന ഒരോ ഭക്ഷ്യവസ്തുക്കൾക്കും ആരോഗ്യ സംരക്ഷണത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന് ബോധ്യപ്പെടുത്താനും ഈ മത്സരത്തിന് സാധിച്ചു. പഴയ ഗ്രാമീണ ഭക്ഷണശീലങ്ങൾ തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതവിളിച്ചറിയിച്ചാണ് പോഷകാഹാര മത്സരത്തിന് സമാപനമായത്.