രാജാക്കാട്: സ്വകാര്യ ബസുകൾക്ക് പിന്നാലെ കെ.എസ്.ആർ.ടി.സിയുടെ 'ടേക്ക് ഓവർ സർവീസുകളും' നിറുത്തലാക്കിയത് ഹൈറേഞ്ചിലെ യാത്രക്കാർക്ക് ഇരുട്ടടിയാകുന്നു. നെടുങ്കണ്ടം എറണാകുളം റൂട്ടിൽ കൃത്യമായി സർവീസ് നടത്തിയിരുന്ന പത്തോളം സ്വകാര്യ ബസുകൾ ഓട്ടം നിറുത്തിയതിന് പിന്നാലെയാണ് കെ.എസ്.ആർ.ടി.സിയും മലയോര ജനതയെ കൈവിടുന്നത്. എറണാകുളം, ആലുവ, കോതമംഗലം ഭാഗങ്ങളിലേയ്ക്ക് പത്തോളം സ്വകാര്യ ബസ് സർവീസുകളാണ് നെടുങ്കണ്ടത്തുനിന്ന് ഉണ്ടായിരുന്നത്. ഇവയിൽ ഏറിയ പങ്കും പുലർകാല സർവീസുകളായിരുന്നു . രാവിലെ 4.30 ന് ശേഷം കൃത്യമായ ഇടവേളകളിൽ എറണാകുളം ഭാഗത്തേയ്ക്ക് ബസ് ഉണ്ടായിരുന്നു. തോപ്രാംകുടി വഴിയോ അടിമാലി വഴിയോ ആയിരുന്നു ഇവ ഓടിയിരുന്നത്. നെടുമ്പാശേരി വിമാനത്താവളം, ആലുവ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ എത്തിയശേഷം ദീർഘദൂര യാത്രകൾ പോകേണ്ട ഹൈറേഞ്ചുകാർ പുലർകാല ബസുകളെയാണ് ആശ്രയിച്ചിരുന്നത്. എറണാകുളം മേഖലയിലെ വിവിധ ആശുപത്രികളിൽ എത്തുന്നതിനും ഇവയായിരുന്നു ആശ്രയം. അതിനിടെ ദീർഘദൂര സ്വകാര്യ ബസുകളുടെ റൂട്ട് ഏറ്റെടുത്തുകൊണ്ട് കെ.എസ്.ആർ.ടി.സി ടേക് ഓവർ നയം നടപ്പിലാക്കി. പിന്നീട് സ്വകാര്യ ബസുകൾക്ക് പകരം കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു. ഇതോടെ കനത്തനഷ്ടത്തിലായ സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിയ്ക്കുവാൻ നിർബന്ധിതമായി.

അതേസമയം പുതുതായി എത്തിയ കെ.എസ്.ആർ.ടി.സിയിൽ ഏറിയ പങ്കും മാസങ്ങൾക്കകം ഓട്ടം അവസാനിപ്പിക്കുകയും ചെയ്തു. നെടുങ്കണ്ടം മേഖലയിൽ നിന്നും നിരവധി ദീർഘദൂര സർവീസുകളാണ് ഇത്തരത്തിൽ നിലച്ചുപോയത്.

പുലർച്ചെ 4.55ന് കുമളി വഴി ഒരു കെ.എസ്.ആർ.ടി.സി മാത്രമാണ് എറണാകുളത്തേയ്ക്ക് ഉള്ളത്. ചുറ്റിവളഞ്ഞ് പോകുന്നതിനാൽ യാത്രക്കാർക്ക് പണവും സമയവും നഷ്ടപ്പെടുകയാണ്. മുമ്പുണ്ടായിരുന്നതിൽ 5.20ന് സർവീസ് നടത്തുന്ന ഒരു സ്വകാര്യ ബസ് മാത്രമാണ് നിലവിൽ നെടുങ്കണ്ടത്തു നിന്നും എറണാകുളത്തേയ്ക്കുള്ളത്. 9.20നും ഉച്ചകഴിഞ്ഞ് 3.10നും കെ.എസ്.ആർ.ടി.സി ഉണ്ട്. എന്നാൽ പുലർകാല സർവീസുകളിൽ ഇല്ലാതതിനാൽ കട്ടപ്പനയിലൊ അടിമാലിയിലൊ എത്തി മറ്റ് ബസുകളിൽ കയറിയും ടാക്സി വിളിച്ചുമൊക്കെ യാത്രചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാർ.

ഇന്ധനവിലവർദ്ധനവും റോഡുകളുടെ ശോച്യാവസ്ഥയും

ടേക്ക് ഓവർ സർവീസുകൾക്കൊപ്പം ഇന്ധനവിലവർദ്ധനവും റോഡുകളുടെ ശോചനീയാവസ്ഥയും സ്വകാര്യ ബസുകളെ നഷ്ടത്തിലാക്കി. മുമ്പ് 120ൽ അധികം സ്വകാര്യബസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 85 എണ്ണം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇവയിൽ പലതും വൻ നഷ്ടത്തിലുമാണ്. ബസ് സർവീസുകൾ തുടർച്ചയായി നിറുത്തലാക്കുന്നത് നൂറ് കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടപ്പെടുന്നതിനും ഇടയാക്കിയിരിക്കുകയാണ്.