കുമളി: മ്ലാമല നിവാസികളുടെ ചിരകാലസ്വപ്നമായിരുന്ന മാവേലി സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. മൂന്നു വർഷത്തോളമായി പ്രദേശവാസികളും ജനപ്രതിനിധികളും നടത്തിയ നിരന്തരപരിശ്രമമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. നാടായ നാട്ടിലെല്ലാം ന്യായവിലക്കടകൾ തുറന്നപ്പോഴൊക്കെ കാർഷിക, തോട്ടം മേഖലകളായ മ്ലാമല, തേങ്ങാക്കൽ പ്രദേശവാസികൾക്ക് ആ സൗഭാഗ്യം അന്യമായിരുന്നു. ഓണക്കാലത്തും മറ്റും മാവേലി സ്റ്റോറിൽ നിന്ന് ന്യായവിലയ്ക്ക് കിട്ടുന്ന നിത്യോപയോഗ സാധനങ്ങൾ തേടി കിലോമീറ്ററുകൾ യാത്ര ചെയ്ത് വണ്ടിപെരിയാറിലോ ചപ്പാത്തിലോ എത്തണമായിരുന്നു. അതുകൊണ്ടുതന്നെ നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന നാട്ടിൽ ഒരു മാവേലിസ്റ്റോർ വേണമെന്ന ആവശ്യത്തിൽ നാട്ടുകാർ ഉറച്ചുനിന്നു. ഒരു ജനതയുടെ നിശ്ചയദാർഢ്യത്തിനുള്ള അംഗീകാരമായി മന്ത്രി പി. തിലോത്തമൻ നേരിട്ടെത്തി മ്ലാമലയുടെ സ്വന്തം മാവേലി സ്റ്റോർ നാട്ടുകാർക്ക് തുറന്നുകൊടുക്കുകയായിരുന്നു. ചന്ദ്രവനം, കീരിക്കര, മ്ലാമല, തേങ്ങാക്കൽ, പൂണ്ടിക്കുളം, മൂങ്കലാർ പ്രദേശവാസികൾക്ക് ഏറെ പ്രയോജനകരമാണ് മ്ലാമല മാവേലി സ്റ്റോർ. ചിരകാലസ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിൽ നാട്ടുകാരുടെ വകയായി പായസവിതരണവും നടന്നു.
ഇ.എസ്. ബിജിമോൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ആദ്യ വിൽപ്പന നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാരി ഉദയസൂര്യൻ പഞ്ചായത്തംഗങ്ങളായ ഗീത നേശയ്യൻ, കെ.കെ. സുരേന്ദ്രൻ, ജസ്റ്റിൻ ചവറപ്പുഴ, എൽ.ഡി.എഫ് കൺവീനർ ജോസ് ഫിലിപ്പ്, കെ.വി. സുരേഷ്, പി.രാജൻ, സപ്ലൈകോ ജനകീയ സമിതി ചെയർമാൻ കബീർ താന്നിമൂട്ടിൽ എന്നിവർ സംസാരിച്ചു. പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് കുട്ടിക്കാനം മരിയൻ കോളേജിലെയും അൽ അസർ ഉലമ കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ മുപ്പതോളം കിടക്കകളും പുതപ്പും ചടങ്ങിൽ വിതരണം ചെയ്തു.