kk
പിടിയിലായ സ്റ്റീഫൻ ജോസഫ്‌

നെടുങ്കണ്ടം: മുണ്ടിയെരുമ കല്ലുമ്മേക്കല്ലിൽ രണ്ട് വീടുകളിൽ നിന്നായി 15 പവൻ സ്വർണവും 7000 രൂപയും മോഷ്ടിച്ച കേസിൽ പ്രതിയെ തമിഴ്നാട്ടിൽ നിന്നും കേരള പൊലീസ് പിടികൂടി. കട്ടപ്പന മേട്ടുക്കുഴി പുതുലയം സ്റ്റീഫൻ ജോസഫ് ആണ് അറസ്റ്റിലായത്.

നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ തേനിയിലെ ലോഡ്ജിൽ നിന്നാണ് പ്രത്യേക അന്വഷണസംഘം പിടികൂടിയത്. കഴിഞ്ഞദിവസം മുണ്ടിയെരുമയ്ക്ക് സമീപം കല്ലടപുത്തൻ വീട്ടിൽ ഓമനകുട്ടൻ, പുത്തൻവീട്ടിൽ വിനോദ് കുമാർ എന്നിവരുടെ വീടുകളിൽ പകൽ സമയത്താണ് മോഷണം നടത്തിയത്. മോഷ്ടിച്ചവയിൽ 3 പവൻ തേനിയിലെ സ്വർണക്കടയിൽ പ്രതി പണയംവെച്ചിരുന്നു. ബാക്കി ഉരുപ്പടികൾ ലോഡ്ജിൽ നിന്നും കണ്ടെടുത്തു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് മോഷണം നടന്ന് ദിവസങ്ങൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. മോഷണം നടത്തിയ വീട്ടിൽനിന്നും ഇയാൾ മൊബൈൽഫോണും അപഹരിച്ചിരുന്നു. ഇതിന്റെ ടവർ പിൻതുടർന്നായിരുന്നു അന്വേഷണം. കമ്പംമെട്ട്, വണ്ടൻമേട്, ശാന്തൻപാറ, രാജാക്കാട് പൊലിസ് സ്റ്റേഷനുകളിലായി 4 മോഷണക്കേസുകളിൽകൂടി സ്റ്റീഫൻ പ്രതിയാണ്. ലാപ്പ്ടോപ്പ് മോഷ്ടിച്ചതിന് പിടിയിലായ ഇയാൾ 22 ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തി പകൽ നേരത്ത് മാത്രമാണ് മോഷണം നടത്തിയിരുന്നത്. ഒരു ദിവസം തന്നെ സമീപത്തുള്ള പലവീടുകളിൽ മോഷണം നടത്തും. വീടുകളുടെ പിൻവശത്തെ വാതിൽ തകർത്താണ് അകത്ത് കയറുന്നത്. ഇതിനായുള്ള ഉപകരണങ്ങൾ സമീപത്ത് നിന്ന് തന്നെ കണ്ടെത്തുകയാണ് പതിവ്. കല്ലുമേക്കല്ലിൽ ഒരു വീട്ടിൽ നിന്നും അപഹരിച്ച വസ്ത്രമാണ് ഇയാൾ മോഷണ സമയത്ത് ഉപയോഗിച്ചത്.

ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാലിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ജോബി തോമസ്, എ.എസ്.ഐ സജിമോൻ ജോസഫ്, എസ്.സി.പി.ഒ മാരായ തങ്കച്ചൻ മാളിയേക്കൽ,എം.ആർ.സതീഷ്,ബേസിൽ പി.ഐസക്, സി.പി.ഒ മാരായ എസ്.സുബൈർ, സലിൽ രവി,കട്ടപ്പന ഡിവൈ.എസ്.പി എൻ.സി.രാജ്‌മോഹൻ, നെടുങ്കണ്ടം സി.ഐ റെജി എം.കുന്നിപ്പറമ്പൻ, നെടുങ്കണ്ടം എസ്.ഐ സി.സുമതി, എ.എസ്.ഐ. മാരായ റോയി വർഗീസ്, സി.ഡി. റെജിമോൻ, ശ്യാം മോഹൻ, എസ്.സി.പി.ഒ ജി.പ്രകാശ്, സി.പി.ഒ മാരായ ഗ്രേയ്സൺ ആന്റണി, ശ്യാം മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.