തൊടുപുഴ: തൊടുപുഴയിൽ ഒരാഴ്ചക്കിടെ രണ്ടാം തവണയും മോഷണം. കരിങ്കുന്നം വടക്കുംമുറി റോഡിൽ മൂരിപ്പാറ ഭാഗത്ത് താമസിക്കുന്ന ബാർ ജീവനക്കാരനായ ഏലന്താനത്ത് സുബിൻ ബേബിയുടെ വീട്ടിൽ നിന്ന് 5 പവൻ സ്വർണാഭരണങ്ങളും 8200 രൂപയുമാണ് മോഷണം പോയത്. ഇന്നലെ പുലർച്ചെ 3.15 നായിരുന്നു മോഷണം. വീടിന്റെ അടുക്കള ഭാഗത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവുമാണ് മോഷ്ടിച്ചത്. അടുത്തിടെ തൊടുപുഴ- മൂവാറ്റുപുഴ റൂട്ടിൽ ആനക്കൂടിന് സമീപം ഒരു വീട്ടിൽ നിന്ന് 12,000 രൂപയും വിദേശകറൻസിയും മോഷണം പോയിരുന്നു. ഇതിന് സമീപത്തുള്ള നാലുവീടുകളിൽ അന്ന് മോഷണശ്രമവുമുണ്ടായി. ഇവിടെ സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റുചെയ്തെങ്കിലും സമീപ പ്രദേശത്തുതന്നെ വീണ്ടും മോഷണം അരങ്ങേറിയത് നാട്ടുകാരെ ആശങ്കപ്പെടുത്തുകയാണ്.