രാജാക്കാട്: സംസ്ഥാനത്ത് ആദ്യമായി റവന്യൂ വകുപ്പ് നടപ്പിലാക്കുന്ന വില്ലേജ് ഓഫീസുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള വീഡിയോ കോൺഫറൻസിംഗ് സംവിധാനത്തിന്റെ ഉടുമ്പൻചോല താലൂക്ക് തല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് രാജാക്കാട്ടിൽ മന്ത്രി എം.എം മണി നിർവഹിയ്ക്കും. ജില്ലാ കളക്ടർ കെ. ജീവൻബാബു, എ.ഡി.എം പി.ജി രാധാകൃഷ്ണൻ, ജില്ലാ ഇൻഫോർമാറ്റിക് ഓഫീസർ റോയി, എൻ.ഐ.സി ജില്ലാ പ്രോഗ്രാം മാനേജർ നിവേദ് എന്നിവർ അടങ്ങുന്ന സംഘവുമായി വിഡിയോ അഭിമുഖം നടത്തുന്നതോടെ സംവിധാനം നിലവിൽ വരും. താലൂക്കിലെ എല്ലാ വില്ലേജ് ഓഫീസർമാരും തത്സമയം ലൈനിൽ വരും. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെയും ഐ.ടി മിഷന്റെയും സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ ഉടുമ്പൻചോല താലൂക്കിലെ 18 വില്ലേകളും ഉൾപ്പെടും. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏറെ അകന്നു കഴിയുന്ന വില്ലേജ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ കളക്ടറേറ്റിൽ എത്തി കോൺഫറൻസുകളിൽ പങ്കെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ പരിഹരിയ്ക്കുന്നതിനും ഔദ്യോഗിക ആശയ വിനിമയം വേഗത്തിലാക്കുന്നതിനുമാണ് സംവിധാനം നടപ്പിലാക്കുന്നത്. ഇതോടെ വില്ലേജ് ഓഫീസർമാർക്ക് ഓഫീസുകളിൽ ഇരുന്നുകൊണ്ടുതന്നെ കമ്പ്യൂട്ടർ ശൃംഖലവഴി ജില്ലാ ഭരണകൂടവുമായി ഞൊടിയിടയിൽ ബന്ധപ്പെടാൻ സാധിയ്ക്കും. മൊബൈൽ ഫോൺ വഴി കോൺഫറൻസിംഗ് നടത്തുന്നതിനുള്ള പ്രത്യേക ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള കെടുതികൾ നേരിടുന്നതിലും രക്ഷാപ്രവർത്തനം ഏകോപിപ്പിയ്ക്കുന്നതിലും സംവിധാനം ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. വൈകാതെ ഇത് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കും.